
തിരുവനന്തപുരം:ശബരിമല ശ്രീകോവിലിലെ കട്ടിളപ്പടി പൊതിഞ്ഞിരുന്ന സ്വർണം കവർന്ന കേസിൽ നിർണായക വഴിത്തിരിവ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായിരുന്ന എൻ. വാസു അറസ്റ്റിലായി. സ്വർണക്കവർച്ചയുടെ പിന്നിലെ ഗൂഢാലോചന ഹൈക്കോടതി നിർദ്ദേശപ്രകാരം അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് (SIT) വാസുവിനെ മൂന്നാം പ്രതിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയത്.
ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ നടന്ന രണ്ടാംവട്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. തുടർന്ന് പത്തനംതിട്ട ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ വാസുവിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
ചെമ്പ്' എന്ന വ്യാജരേഖ കുരുക്കായി
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൊതിഞ്ഞ കട്ടിള കൈമാറാൻ തീരുമാനിച്ചതിലെ ഗൂഢാലോചനയിൽ വാസുവിന് നിർണായക പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
2019 ഫെബ്രുവരി 16-ന് എക്സിക്യുട്ടീവ് ഓഫീസർ നൽകിയ കത്തിൽ കട്ടിള സ്വർണം പൊതിഞ്ഞതാണെന്ന് രേഖപ്പെടുത്തിയിരുന്നു.
എന്നാൽ, വാസു ദേവസ്വം ബോർഡിന് നൽകിയ ശുപാർശ കത്തിൽ ഇത് 'ചെമ്പുപാളികൾ' എന്ന് തിരുത്തി. ഈ കത്ത് അംഗീകരിച്ചാണ് സ്വർണപ്പാളികൾ പോറ്റിക്ക് കൈമാറാൻ ബോർഡ് തീരുമാനിച്ചത്.
ഇതിനുപിന്നാലെ ദ്വാരപാലക ശില്പപാളികളുടെ കാര്യത്തിലും ഇതേ രീതിയിൽ തട്ടിപ്പ് ആവർത്തിച്ചതായും കണ്ടെത്തി.
റിമാൻഡ് റിപ്പോർട്ട് അനുസരിച്ച്, കട്ടിളപ്പാളിയിലെ സ്വർണം 'ചെമ്പാക്കി' രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മിഷണറായിരുന്ന എൻ. വാസുവിന്റെ ഇടപെടലിലൂടെയാണ്. ഇദ്ദേഹത്തിനെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഇ-മെയിൽ തെളിവ്, മൊഴി തള്ളി
സ്വർണം പൂശിയ ശേഷം ബാക്കിയായ സ്വർണം സാധുവായ പെൺകുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാൻ അനുമതി തേടി പോറ്റി 2019 ഡിസംബർ 9-ന് വാസുവിന് അയച്ച ഇ-മെയിൽ കേസിൽ നിർണായക തെളിവായി.
എന്നാൽ, സ്വർണമാണ് എന്ന് കരുതിയിരുന്നില്ലെന്നും, ഉപദേശം തേടാനാണ് ഇ-മെയിൽ അയച്ചതെന്നുമാണ് വാസു മൊഴി നൽകിയത്. ഇ-മെയിലിന് മുകളിൽ "തിരുവാഭരണം കമ്മിഷണറുടെയും ശബരിമല എക്സിക്യൂട്ടീവ് ഓഫിസറുടെയും അഭിപ്രായം വാങ്ങുക" എന്ന് എഴുതി നൽകിയ ശേഷം എന്ത് നടപടിയുണ്ടായി എന്ന് അറിയില്ലെന്ന വാസുവിന്റെ വിശദീകരണം എസ്.ഐ.ടി തള്ളിക്കളഞ്ഞു.
അറസ്റ്റിന് പിന്നാലെ കോടതിയിൽ നിന്ന് മടങ്ങുമ്പോൾ, മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ വാസു തയ്യാറായില്ല. ഈ അറസ്റ്റോടെ കേസിന്റെ ഗൂഢാലോചനയിൽ കൂടുതൽ ഉന്നതർ കുടുങ്ങുമെന്നാണ് സൂചന.











