09:01pm 09 October 2026
NEWS
ശബരിമല സ്വർണ മോഷണം: പ്രോസിക്യൂഷൻ അനുമതി തേടാൻ എസ്‌ഐടിക്ക് ഹൈക്കോടതിയുടെ കർശന നിർദ്ദേശം
08/10/2026  08:13 AM IST
നിയമകാര്യ ലേഖകൻ
ശബരിമല സ്വർണ മോഷണം: പ്രോസിക്യൂഷൻ അനുമതി തേടാൻ എസ്‌ഐടിക്ക് ഹൈക്കോടതിയുടെ കർശന നിർദ്ദേശം

കൊച്ചി: ശബരിമല സ്വർണ മോഷണക്കേസുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്  ഹൈക്കോടതി കർശന സമയപരിധി നിശ്ചയിച്ചു. ഇതനുസരിച്ച് ഡോർ ഫ്രെയിം കേസിൽ ഒക്ടോബർ 25-നകവും ദ്വാരപാലക വിഗ്രഹ കേസിൽ നവംബർ 25-നകവും പ്രോസിക്യൂഷൻ അനുമതിക്കായി അപേക്ഷ സമർപ്പിക്കാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
​ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സമയപരിധി കർശനമായി പാലിച്ച് അന്വേഷണം വൈകിപ്പിക്കാതെ പൂർത്തിയാക്കണമെന്ന് കോടതി അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി.
​നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയുടെ റിപ്പോർട്ട് ഒക്ടോബർ 12-നകം ലഭിക്കുമെന്നും, ഡോർ ഫ്രെയിം കേസിലെ അന്തിമ റിപ്പോർട്ടും പ്രോസിക്യൂഷൻ അനുമതിക്കായുള്ള അപേക്ഷയും ഒക്ടോബർ 25-നകം സമർപ്പിക്കാൻ സാധിക്കുമെന്നും എസ്‌ഐടി മേധാവി  കോടതിയെ അറിയിച്ചു.
​ക്രെെം നമ്പർ 3701/2025 ആയി രജിസ്റ്റർ ചെയ്ത ഡോർ ഫ്രെയിം കേസിലെ അന്തിമ റിപ്പോർട്ട് സെപ്റ്റംബർ 25-നകം സമർപ്പിക്കാൻ നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം കണക്കിലെടുത്ത് ബെഞ്ച് ഈ സമയം ഒക്ടോബർ 25 വരെ നീട്ടി നൽകി. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും ഉൾപ്പെട്ടിരിക്കുന്നതിനാൽ പ്രോസിക്യൂഷൻ അനുമതി അത്യാവശ്യമാണെന്ന് ഡ്രാഫ്റ്റ് ചാർജ്ഷീറ്റ് പരിശോധിച്ച കോടതി വ്യക്തമാക്കി.
​ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണം കാണാതായതുമായി ബന്ധപ്പെട്ട് ക്രെെം നമ്പർ 3700/2025 ആയി രജിസ്റ്റർ ചെയ്ത കേസിൽ, പ്രോസിക്യൂഷൻ അനുമതി തേടാനും അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും നവംബർ 25 വരെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ സമയം തേടിയത്.
​ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ട് ഉൾപ്പെടെയുള്ള പ്രസക്തമായ പരിശോധനാ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും രണ്ട് കേസുകളിലെയും അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ബെഞ്ച് നിരീക്ഷിച്ചു. നിശ്ചിത തീയതികൾക്കുള്ളിൽ അനുമതി തേടാനുള്ള നടപടികൾ സ്വീകരിക്കാനും അന്വേഷണം യുക്തിസഹമായ രീതിയിൽ പൂർത്തിയാക്കാനും എസ്‌ഐടിയോട് കോടതി ഉത്തരവിട്ടു.
​കേസ് ഒക്ടോബർ 26-ന് വീണ്ടും പരിഗണിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img