
കൊച്ചി: ശബരിമല സ്വർണ മോഷണക്കേസുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി കർശന സമയപരിധി നിശ്ചയിച്ചു. ഇതനുസരിച്ച് ഡോർ ഫ്രെയിം കേസിൽ ഒക്ടോബർ 25-നകവും ദ്വാരപാലക വിഗ്രഹ കേസിൽ നവംബർ 25-നകവും പ്രോസിക്യൂഷൻ അനുമതിക്കായി അപേക്ഷ സമർപ്പിക്കാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സമയപരിധി കർശനമായി പാലിച്ച് അന്വേഷണം വൈകിപ്പിക്കാതെ പൂർത്തിയാക്കണമെന്ന് കോടതി അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി.
നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയുടെ റിപ്പോർട്ട് ഒക്ടോബർ 12-നകം ലഭിക്കുമെന്നും, ഡോർ ഫ്രെയിം കേസിലെ അന്തിമ റിപ്പോർട്ടും പ്രോസിക്യൂഷൻ അനുമതിക്കായുള്ള അപേക്ഷയും ഒക്ടോബർ 25-നകം സമർപ്പിക്കാൻ സാധിക്കുമെന്നും എസ്‌ഐടി മേധാവി കോടതിയെ അറിയിച്ചു.
ക്രെെം നമ്പർ 3701/2025 ആയി രജിസ്റ്റർ ചെയ്ത ഡോർ ഫ്രെയിം കേസിലെ അന്തിമ റിപ്പോർട്ട് സെപ്റ്റംബർ 25-നകം സമർപ്പിക്കാൻ നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം കണക്കിലെടുത്ത് ബെഞ്ച് ഈ സമയം ഒക്ടോബർ 25 വരെ നീട്ടി നൽകി. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും ഉൾപ്പെട്ടിരിക്കുന്നതിനാൽ പ്രോസിക്യൂഷൻ അനുമതി അത്യാവശ്യമാണെന്ന് ഡ്രാഫ്റ്റ് ചാർജ്ഷീറ്റ് പരിശോധിച്ച കോടതി വ്യക്തമാക്കി.
ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണം കാണാതായതുമായി ബന്ധപ്പെട്ട് ക്രെെം നമ്പർ 3700/2025 ആയി രജിസ്റ്റർ ചെയ്ത കേസിൽ, പ്രോസിക്യൂഷൻ അനുമതി തേടാനും അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും നവംബർ 25 വരെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ സമയം തേടിയത്.
ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ട് ഉൾപ്പെടെയുള്ള പ്രസക്തമായ പരിശോധനാ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും രണ്ട് കേസുകളിലെയും അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ബെഞ്ച് നിരീക്ഷിച്ചു. നിശ്ചിത തീയതികൾക്കുള്ളിൽ അനുമതി തേടാനുള്ള നടപടികൾ സ്വീകരിക്കാനും അന്വേഷണം യുക്തിസഹമായ രീതിയിൽ പൂർത്തിയാക്കാനും എസ്‌ഐടിയോട് കോടതി ഉത്തരവിട്ടു.
കേസ് ഒക്ടോബർ 26-ന് വീണ്ടും പരിഗണിക്കും.











