12:55pm 18 September 2026
NEWS
ശബരിമല സ്വർണക്കൊള്ള: ഹൈക്കോടതി സമയപരിധി അവസാനിക്കാറായി; കുറ്റപത്രം ഇനിയും തയ്യാറായില്ല; നിർണായക നീക്കവും നടന്നില്ല
18/09/2026  09:39 AM IST
nila
ശബരിമല സ്വർണക്കൊള്ള: ഹൈക്കോടതി സമയപരിധി അവസാനിക്കാറായി; കുറ്റപത്രം ഇനിയും തയ്യാറായില്ല; നിർണായക നീക്കവും നടന്നില്ല

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയില്ലെന്ന് സൂചന. കട്ടിളപ്പാളി കേസിൽ സെപ്റ്റംബർ 22നകം കുറ്റപത്രം നൽകണമെന്നായിരുന്നു ഹൈക്കോടതി നിർദേശം. എന്നാൽ, സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള നിർണായക നടപടിയായ പ്രോസിക്യൂഷൻ അനുമതി പോലും പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഇതുവരെ തേടിയിട്ടില്ല.

മുൻ ദേവസ്വം ബോർഡ് കമ്മീഷണർ എൻ. വാസു, മുൻ പ്രസിഡന്റ് എ. പത്മകുമാർ ഉൾപ്പെടെ 15 പേരാണ് കട്ടിളപ്പാളി കേസിൽ പ്രതികൾ. ഇതിൽ 13 പേർക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്.

മുൻ ദേവസ്വം ബോർഡ് അംഗങ്ങളും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെട്ടതിനാലാണ് കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് അനുമതി തേടേണ്ടത്. ആഭ്യന്തര, ദേവസ്വം, നിയമ വകുപ്പുകൾ കേസ് രേഖകളും കുറ്റപത്രവും പരിശോധിച്ച ശേഷമാണ് അനുമതി നൽകേണ്ടത്. എന്നാൽ ഇതുവരെ എസ്ഐടി ഈ നടപടിക്ക് തുടക്കമിട്ടിട്ടില്ല.

കട്ടിളപ്പാളി കേസിന്റെ അന്വേഷണം പൂർത്തിയായതായി നേരത്തെ എസ്ഐടി ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതേസമയം, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉൾപ്പെടെയുള്ളവർ പ്രതികളായ ദ്വാരപാലക കേസിൽ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ഉൾപ്പെടെ ലഭിക്കാനുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു.

ഈ മാസം അവസാനത്തോടെ പ്രോസിക്യൂഷൻ അനുമതിക്കായി അപേക്ഷ നൽകാനാണ് എസ്ഐടിയുടെ നീക്കം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img