09:53pm 12 November 2026
NEWS
ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽമോചിതനായി
05/02/2026  09:26 PM IST
nila
ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽമോചിതനായി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽമോചിതനായി. അറസ്റ്റിന് ശേഷം 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് പോറ്റി തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ജയിലിന് പുറത്തു ഭാര്യയടക്കമുള്ള അടുത്ത ബന്ധുക്കൾ സ്വീകരിക്കാനെത്തിയിരുന്നു. 

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പത്തിലെ പാളികളിൽ നിന്ന് സ്വർണം മാറ്റിയ കേസിലാണ് പോറ്റി ആദ്യം അറസ്റ്റിലായത്. ഈ കേസിൽ ജനുവരി 21-ന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. തുടർന്ന് കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചതോടെയാണ് പൂർണമായ ജയിൽമോചനം. ശബരിമല ക്ഷേത്ര ശ്രീകോവിലിലെ കട്ടിളപ്പാളിയിൽ നിന്ന് സ്വർണം കവർന്ന കേസിലാണ് വ്യാഴാഴ്ച കൊല്ലം വിജിലൻസ് കോടതി പോറ്റിക്ക് ജാമ്യം അനുവദിച്ചത്. രണ്ടുദിവസം നീണ്ട വാദം കേൾക്കലിന് ശേഷമാണ് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

അതേസമയം ജയിൽമോചിതനായ പോറ്റിക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി ശക്തമാക്കുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചുകൊണ്ടുള്ള സമൻസ് ഉടൻ നൽകുമെന്ന് സൂചന. അനധികൃത സ്വത്ത് സമ്പാദനക്കുറ്റം ചുമത്തി പോറ്റിയുടെ 1.3 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ ഇ.ഡി നേരത്തെ മരവിപ്പിച്ചിരുന്നു.

ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ മൂന്ന് പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ മുരാരി ബാബു, എസ്. ശ്രീകുമാർ, മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ എന്നിവരാണ് മറ്റ് പ്രതികൾ. മുരാരി ബാബുവിനും സുധീഷിനും സ്വാഭാവിക ജാമ്യവും, ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി ജാമ്യവും അനുവദിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img