
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസിലും കണ്ഠരര് രാജീവർക്ക് ജാമ്യം ലഭിച്ചു. കട്ടിളപ്പാളികേസിലും ദ്വാരപാലക കേസിലും ജാമ്യം ലഭിച്ചതോടെ നാൽപത്തിയൊന്ന് ദിവസത്തെ ജയിൽ വാസത്തിന് ശേഷം തന്ത്രി ജയിൽ മോചിതനാകും. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറഞ്ഞത്.
ശബരിമലയിലെ ശ്രീകോവിൽ കട്ടിളപ്പാളിയിലെയും ദ്വാരപാലകശിൽപത്തിലെയും സ്വർണം അപഹരിച്ച കേസുകളിലാണ് തന്ത്രി കണ്ഠരര് രാജീവർ ജാമ്യം ലഭിച്ചത്. തന്ത്രിക്ക് കേസിൽ നേരിട്ട് പങ്കേുണ്ടന്നും മുഖ‍്യപ്രതി ഉണ്ണികൃഷ്ണൻപോറ്റിയുമായി 2004 മുതൽ ബന്ധമുണ്ടെന്നും എസ്.ഐ.ടി കണ്ടെത്തിയിരുന്നു. 2.05 കോടി രൂപ തന്ത്രിയുടെ പേരിലും 62 ലക്ഷം രൂപ ഭാര്യയുടെ പേരിലും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപമുള്ളതായി അന്വേഷണത്തിൽ തെളിഞ്ഞു. ദേവസ്വം ബോർഡിൽ നിന്ന് തന്ത്രി ഏഴര ലക്ഷം രൂപ കൈപ്പറ്റിയതായും എസ്ഐടി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രി ഇടപെടാറുള്ളതെന്നായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്. ഭരണപരമായ കാര്യങ്ങളിൽ തന്ത്രിക്ക് പങ്കില്ലെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്.











