
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണസംഘം. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ 2025ൽ നടന്ന സ്വർണപ്പാളി കൈമാറ്റവുമായി ബന്ധപ്പെട്ട് വീണ്ടും വിശദമായി ചോദ്യം ചെയ്തു. പൊലീസ് ആസ്ഥാനത്ത് എഡിജിപി വെങ്കിടേഷിന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യൽ എട്ട് മണിക്കൂറിലേറെ നീണ്ടു. തിങ്കളാഴ്ച ഹൈക്കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് എസ്‌ഐടിയുടെ ഈ നടപടി.
2025ൽ ദ്വാരപാലക സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോയ സംഭവത്തിൽ ഗൂഢാലോചന നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് പുതിയ കേസ് രജിസ്റ്റർ ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ചട്ടങ്ങൾ ലംഘിച്ച് സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതിൽ ദുരൂഹതയുണ്ടെന്നും, ഈ നടപടിയിൽ ഒമ്പത് പേർക്ക് പങ്കുണ്ടെന്നുമാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.
2019ലെ സ്വർണക്കൊള്ള മറച്ചുവയ്ക്കുന്നതിനായാണ് 2025ൽ ദ്വാരപാലകപ്പാളികൾ അറ്റകുറ്റപ്പണിക്കെന്ന പേരിൽ ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നായിരുന്നു ശബരിമല സ്വർണക്കൊള്ളക്കേസ് പരിഗണിക്കവെ ഹൈക്കോടതിയുടെ നിരീക്ഷണം. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ 2025ലെ സ്വർണപ്പാളി കൈമാറ്റത്തിൽ ഗൂഢാലോചന നടന്നതായും അന്നത്തെ ദേവസ്വം ബോർഡ് ഭരണസമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും എസ്‌ഐടി കോടതിയെ അറിയിച്ചിരുന്നു.
2025ഓടെ സ്വർണത്തിന്റെ നിറം മങ്ങിയിട്ടും അന്വേഷണം നടത്താൻ ദേവസ്വം ബോർഡ് തയ്യാറായില്ലെന്നും, വാറന്റിയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുകയായിരുന്നുവെന്നുമാണ് എസ്‌ഐടി സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിലുള്ളത്.
പുതിയ കേസിൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ അജി കുമാർ, സന്തോഷ് കുമാർ, തന്ത്രി കണ്ഠരര് രാജീവരര്, തിരുവാഭരണം കമ്മിഷണർ രജിലാൽ, സെക്രട്ടറി ബിന്ദു, ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് തീരുമാനം. നിലവിലെ ദേവസ്വം ബോർഡ് ഭരണസമിതിയിലും സന്തോഷ് കുമാർ അംഗമാണ്. മരണപ്പെട്ടതിനാൽ മുരാരി ബാബുവിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതിപ്പട്ടിക കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം.










