
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപാളികൾ വീണ്ടും സ്വർണം പൂശുന്നതിനായി പുറത്തേക്ക് കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 2019-ൽ നടന്നതായി ആരോപിക്കുന്ന സ്വർണ അപഹരണം മറച്ചുവെക്കുന്നതിനായുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് 2025-ൽ ശിൽപ്പങ്ങൾ വീണ്ടും ചെന്നൈയിലേക്ക് മാറ്റിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
ഈ നടപടികൾക്ക് ആവശ്യമായ ഭരണാനുമതികളും ഫയൽ നടപടികളും പൂർത്തിയാക്കുന്നതിൽ അന്നത്തെ ദേവസ്വം ബോർഡ് നേതൃത്വത്തിന്റെ പങ്കുണ്ടെന്ന സൂചനകൾ ലഭിച്ചതായി എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പി.എസ്. പ്രശാന്തിനും മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിനുമെതിരെ പുതിയ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു.
എന്നാൽ, താൻ യാതൊരു ഗൂഢാലോചനയുടെയും ഭാഗമായിരുന്നില്ലെന്നാണ് പി.എസ്. പ്രശാന്തിന്റെ വിശദീകരണം. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി വളരെ പരിമിതമായ ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കെ കേസ് മറച്ചുവെക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിയമപരമായി എല്ലാ ആരോപണങ്ങളെയും നേരിടുമെന്നും അദ്ദേഹം ആവർത്തിച്ചു.
രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഭാഗമായാണ് തന്നെ ലക്ഷ്യമിടുന്നതെന്ന് അറസ്റ്റിന് തൊട്ടുമുമ്പ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പി.എസ്. പ്രശാന്ത് ആരോപിച്ചു. 2025-ൽ നടന്ന നടപടികളിൽ സാമ്പത്തിക നഷ്ടമോ നടപടിക്രമ ലംഘനമോ ഉണ്ടായിട്ടില്ലെന്നും, യാതൊരു തെറ്റും ചെയ്തിട്ടില്ലാത്ത ബോർഡിനെ പ്രതിക്കൂട്ടിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേസിൽ പ്രതിയാക്കണമെന്ന ലക്ഷ്യത്തോടെ വസ്തുതകൾ വളച്ചൊടിക്കുകയാണെന്നും, ഇതുമൂലം താനും കുടുംബവും കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട നിലവിലെ രണ്ട് കേസുകൾക്ക് പുറമെ, 2025-ൽ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപാളികൾ സ്വർണം പൂശാൻ പുറത്തേക്ക് കൊണ്ടുപോയ സംഭവത്തിൽ രജിസ്റ്റർ ചെയ്ത മൂന്നാമത്തെ കേസിലാണ് പി.എസ്. പ്രശാന്തിനെ പ്രതിചേർത്തിരിക്കുന്നത്. വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.










