01:13pm 12 November 2026
NEWS
ശബരിമല സ്വർണക്കൊളള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അം​ഗം എൻ വിജയകുമാറും അകത്തായി; സിപിഎമ്മിനും സംസ്ഥാന സർക്കാരിനും കൂടുതൽ പ്രതിസന്ധി
29/12/2025  07:51 PM IST
nila
ശബരിമല സ്വർണക്കൊളള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അം​ഗം എൻ വിജയകുമാറും അകത്തായി; സിപിഎമ്മിനും സംസ്ഥാന സർക്കാരിനും കൂടുതൽ പ്രതിസന്ധി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അം​ഗം എൻ വിജയകുമാർ കൂടി അറസ്റ്റിലായതോടെ സംസ്ഥാന സർക്കാരും സിപിഎമ്മും കൂടുതൽ പ്രതിസന്ധിയിൽ. സിപിഎം നേതാവ്   എ പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിലെ ബോർഡ് അം​ഗമായിരുന്നു എൻ വിജയകുമാർ. സെക്രട്ടറിയേറ്റിലെ സിപിഎം സംഘടനയുടെ പ്രസിഡന്റായിരുന്നു എൻ വിജയകുമാർ. പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത വിജയകുമാറിനെ ജനുവരി 12 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. 

തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിജയകുമാറിനെ റിമാൻഡ് ചെയ്തത്. വിജയകുമാറിന്റെ ജാമ്യാപേക്ഷ മറ്റന്നാൾ പരിഗണിക്കും. വിജയകുമാർ കൂടി അറസ്റ്റിലായതോടെ ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിന്റെ കൂട്ടുത്തരവാദിത്തമാണെന്ന പത്മകുമാറിന്റെ മൊഴി സാധൂകരിക്കുന്ന നടപടിയെന്നാണ് നിരീക്ഷണം. സംഭവത്തിൽ സിപിഎം കൂടുതൽ പ്രതിസന്ധിയിലാകുകയാണ്. 

 ഇന്ന് ഉച്ചയോടെയാണ് വിജയകുമാർ അറസ്റ്റിലായത്. നേരത്തെ വിജയകുമാറിന് എസ്‌ഐടി നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. തുടർന്ന് വിജയകുമാറിനെ ഇന്ന് നേരിട്ട് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശബരിമല സ്വർണക്കൊളള കേസിൽ എൻ വിജയകുമാറിനും മുൻ ദേവസ്വം ബോർഡ് അംഗമായ കെ പി ശങ്കരദാസിനുമെതിരെ കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴിയുണ്ടായിരുന്നു. ബോർഡ് അറിഞ്ഞുകൊണ്ടാണ് എല്ലാം ചെയ്തത് എന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. സ്വർണപ്പാളി കൈമാറാനുള്ള പത്മകുമാറിന്റെ തീരുമാനത്തെ ബോർഡ് അംഗീകരിച്ചതിനും തെളിവുകൾ കണ്ടെത്തിയിരുന്നു.

നേരത്തെ വിജയകുമാറിനെയും കെ പി ശങ്കരദാസിനെയും അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. വിവേചനമില്ലാതെ അന്വേഷണം പൂർത്തിയാക്കണമെന്ന് എസ്ഐടിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഒരു കാരണവശാലും കുറ്റവാളികളെ വേർതിരിച്ച് കാണരുതെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു. പത്മകുമാറിനൊപ്പം ദേവസ്വം ബോർഡ് അംഗങ്ങൾക്കും ക്രിമിനൽ ഉത്തരവാദിത്തം ഉണ്ടെന്ന് പറഞ്ഞ കോടതി അന്വേഷണം ഫലപ്രദമല്ല എന്നും നിരീക്ഷിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img