04:14pm 11 November 2026
NEWS
ശബരിമല സ്വർണക്കൊള്ള കേസ്: ഹൈക്കോടതിയിൽ നാടകീയ നീക്കം; ദേവസ്വം ബെഞ്ച് ഗൂഢാലോചന സംശയിച്ച് ഇടക്കാല ഉത്തരവ്
22/10/2025  08:20 AM IST
ന്യൂസ് ബ്യൂറോ
ശബരിമല സ്വർണക്കൊള്ള കേസ്: ഹൈക്കോടതിയിൽ നാടകീയ നീക്കം; ദേവസ്വം ബെഞ്ച് ഗൂഢാലോചന സംശയിച്ച് ഇടക്കാല ഉത്തരവ്

​കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നാടകീയ രംഗങ്ങൾക്കൊടുവിൽ നിർണ്ണായക ഇടപെടലുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. കേസിൽ ഗൂഢാലോചന സംശയിക്കുന്നതിനുള്ള കാരണങ്ങൾ അക്കമിട്ടു നിരത്തിയാണ് ബെഞ്ച് അന്വേഷണ ഉദ്യോഗസ്ഥന് കൂടുതൽ സമയം അനുവദിച്ചതും ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതും.
​സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അഭിഭാഷകരെ തിരികെ വിളിച്ചാണ് കോടതി ഇടക്കാല ഉത്തരവ് പ്രഖ്യാപിച്ചത്. പത്ത് ദിവസം കൂടുമ്പോൾ കേസിന്റെ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. നവംബർ അഞ്ചിനാണ് അടുത്ത റിപ്പോർട്ട് നൽകേണ്ടത്.

​ഗൂഢാലോചന സംശയിക്കാനുള്ള പ്രധാന കാരണങ്ങൾ:

​2019-ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജോലി നൽകാൻ ദേവസ്വം അധികൃതർ മുൻകൈയെടുത്തു.
​2019-ൽ ചെമ്പ് പാളികൾക്ക് പകരം 'ചെമ്പുപാളികൾ' എന്ന് രേഖപ്പെടുത്തി.
​നിറം മങ്ങിയിട്ടില്ലാത്ത പാളികളും പിന്നാലെ കൊടുത്തയച്ചവയുടെ വിവരങ്ങളും ലിസ്റ്റിൽ രേഖപ്പെടുത്തിയില്ല.
​2022-2023 ലെ പണികൾക്ക് നിറം മങ്ങിയതായി തിരുവാഭരണം കമ്മിഷണറും ദേവസ്വം ബെഞ്ചും വിലയിരുത്തി.
​ടെൻഡർ വിളിക്കാതെയും മറ്റ് നടപടികൾ പാലിക്കാതെയുമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചത്.
​തന്ത്രി കണ്ഠര് മഹേശ്വരര് കമ്മീഷണർക്കയച്ച കത്തിൽ വാതിലിന്റെ ഭാഗങ്ങളും കമാനവും മറ്റും സന്നിധാനത്തുവെച്ച് പരമ്പരാഗത രീതിയിൽ ചെയ്യണമെന്ന് നിലപാടെടുത്തെങ്കിലും പിന്നീട് മലക്കം മറിഞ്ഞു.
​സ്റ്റോക്ക് റൂമിലെ പഴയ ശില്പങ്ങൾ മാറിയാൽ ചെലവ് കുറയ്ക്കാമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി നിർദ്ദേശിച്ചു.
​2023-ലെ ഇടപാടിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെയാണ് പണം നൽകിയത്.
​സംഭവങ്ങൾ മറച്ചുവെക്കാൻ ബോധപൂർവമായ ശ്രമമുണ്ടായെന്നാണ് സംഭവ പരമ്പരകൾ വിരൽ ചൂണ്ടുന്നത്.
​ഈ വർഷം പാളികൾ ഇളക്കിയ വിവരം കമ്മീഷണറെ അറിയിക്കാതെയാണ് ഉത്തരവിട്ടത്.

​സ്വർണക്കവർച്ച: പോറ്റിയുടെ കൂട്ടാളിക്ക് പങ്കില്ല; സാക്ഷിയാക്കാൻ സാധ്യത

​ശബരിമല സ്വർണക്കവർച്ചയിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂട്ടാളി അനന്തസുബ്രഹ്മണ്യം തനിക്ക് സംഭവത്തിൽ പങ്കില്ലെന്ന് മൊഴി നൽകി. പോറ്റിയുടെ നിർദ്ദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും പേപ്പർ കവർ ഉപയോഗിച്ച് സ്വർണം ഉരുപ്പടികൾ നാഗേഷിന് കൈമാറിയത് താനാണെന്നും ഇയാൾ സമ്മതിച്ചു. പോറ്റിക്ക് പണം നൽകിയെങ്കിലും അത് എന്തിനുപയോഗിച്ചെന്ന് അറിയില്ലെന്നും വെളിപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം പങ്കില്ലെന്ന് വ്യക്തമായതോടെ ഇയാളെ സാക്ഷിയാക്കാൻ സാധ്യതയുണ്ട്.
​ശബരിമലയിലെ മുൻ മേൽശാന്തിയായിരുന്ന മുരാരി ബാബുവിനെ അടുത്ത ദിവസം ചോദ്യം ചെയ്യും.

​ദേവസ്വം ബോർഡ് കാലാവധി നീട്ടൽ ത്രിശങ്കുവിൽ

​സ്വർണക്കൊള്ള കേസിൽ ഹൈക്കോടതിയുടെ പരാമർശങ്ങൾ സർക്കാരിനും വിനയാവുകയാണ്. ഈ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടിയേൽക്കാൻ സാധ്യതയുണ്ട്. നിലവിലെ ബോർഡിന്റെ കാലാവധി നീട്ടുന്നത് ജനവിരുദ്ധമായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബോർഡിന്റെ മിനിറ്റ്സ് പിടിച്ചെടുക്കാനുള്ള നിർദ്ദേശങ്ങളും ഹൈക്കോടതി നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img