10:39am 16 September 2026
NEWS
വമ്പൻ തിരിമറികൾ; ശബരിമല സ്വർണക്കവർച്ച കേസിൽ 'വൻസ്രാവുകൾ' കുടുങ്ങും? സി.ബി.ഐ. അന്വേഷണം വന്നേക്കും
23/10/2025  09:37 AM IST
സുരേഷ് വണ്ടന്നൂർ
വമ്പൻ തിരിമറികൾ; ശബരിമല സ്വർണക്കവർച്ച കേസിൽ വൻസ്രാവുകൾ കുടുങ്ങും? സി.ബി.ഐ. അന്വേഷണം വന്നേക്കും

തിരുവനന്തപുരം:ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്നും കട്ടിളയിൽ നിന്നും സ്വർണം കവർന്ന കേസിൽ അന്വേഷണം വഴിത്തിരിവിലേക്ക്. നിലവിൽ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേശിന്റെ പ്രത്യേക സംഘത്തിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം എങ്കിലും, സി.ബി.ഐ. അന്വേഷണം വരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഒഴികെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിലാണ് സി.ബി.ഐ. അന്വേഷണത്തിനുള്ള സാധ്യത വർദ്ധിക്കുന്നത്.
​സ്വർണക്കവർച്ചാ കേസിൽ ദേവസ്വം ബോർഡ് അധികൃതരുടെ പങ്ക് വിശദമായി അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം നൽകിയതോടെ ബോർഡ് കുരുക്കിലായിരിക്കുകയാണ്. ഗൂഢാലോചനയിൽ ദേവസ്വം ബോർഡ് അധികൃതർക്ക് പങ്കുണ്ടോയെന്നും 2019-ലെ സ്വർണക്കൊള്ള മറച്ചുവെക്കാനാണോ 2025-ലും പോറ്റിക്ക് സ്വർണപ്പാളികൾ പുതുക്കാൻ നൽകിയതെന്നും അന്വേഷിക്കാൻ കോടതി നിർദ്ദേശിച്ചതോടെ ദേവസ്വം ഭരണസമിതിയും അന്വേഷണ പരിധിയിലായി.

​അന്യസംസ്ഥാനങ്ങളിലെ ഗൂഢാലോചന; ക്രൈംബ്രാഞ്ചിന് വെല്ലുവിളി

​സ്വർണക്കൊള്ളയുടെ ആസൂത്രണം നടന്നത് തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. സന്നിധാനത്ത് നിന്ന് കൊണ്ടുപോയ 14 ഭാഗങ്ങളായുള്ള സ്വർണപ്പാളികൾ ഈ സംസ്ഥാനങ്ങളിലെത്തിച്ച് മുറിച്ച് വിറ്റതായാണ് ക്രൈംബ്രാഞ്ചിന്റെ സംശയം. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ. പങ്കജ് ഭണ്ഡാരിയുടെ മൊഴി പ്രകാരം, ഉണ്ണികൃഷണൻ പോറ്റി എത്തിച്ച പാളികളിൽ നിന്ന് സ്വർണം നീക്കം ചെയ്തിട്ടുണ്ട്. കട്ടിളയുടെ പാളികൾ സ്വർണം പൂശിയ ശേഷം ബാക്കിവന്ന 474.9 ഗ്രാം സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറിയെന്നും മൊഴിയുണ്ട്. ഈ സ്വർണം കണ്ടെടുക്കുക അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയായിരിക്കും.

​ബോർഡ് ഭരണസമിതിക്ക് നേർക്ക് കോടതി

​ശ്രീകോവിലിന്റെ കട്ടിളയിലെ സ്വർണം കവർന്ന കേസിൽ ദേവസ്വം ബോർഡ് ഭരണസമിതിയെ ഹൈക്കോടതി പ്രതിചേർത്തിട്ടുണ്ട്. ദ്വാരപാലക ശിൽപ്പത്തിലെ കവർച്ചാക്കേസിലും ഭരണസമിതി പ്രതിയാകുമെന്നാണ് വിലയിരുത്തൽ. ബോർഡിന്റെ മിനിട്ട്സ് ബുക്ക് പിടിച്ചെടുക്കാനും അതിന്റെ പകർപ്പ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നൽകാനും കോടതി നിർദേശിച്ചു.

​ദേവസ്വം ഉദ്യോഗസ്ഥരുടെ മേലുള്ള നിയന്ത്രണം ബോർഡിനുണ്ടായിരിക്കണം. അതിനാൽ എല്ലാ കുറ്റങ്ങളും ഉദ്യോഗസ്ഥരുടെ മേൽ പഴിചാരി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ ബോർഡ് കുടുങ്ങുമെന്നുറപ്പായി.

​ക്രമക്കേടുകൾ കണ്ടില്ലെന്ന് നടിച്ച് ബോർഡ്; ലക്ഷ്യം തട്ടിപ്പ് മറച്ചുവെക്കാൻ

​സ്വർണക്കൊള്ളയിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കുന്നതോടെ വമ്പൻമാരായ 'സ്രാവുകൾ' കുടുങ്ങുമെന്നാണ് സൂചന.കട്ടിളപ്പാളികളിലുണ്ടായിരുന്ന 409 ഗ്രാം സ്വർണം സൂക്ഷിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിയെ അനുവദിക്കുകയും അത് തിരിച്ചുപിടിക്കാതിരിക്കുകയും ചെയ്തു.
​സ്വർണപ്പാളികൾ നൽകിയപ്പോൾ ചെമ്പുപാളികൾ എന്ന് രേഖപ്പെടുത്തുകയും, അതേ വ്യക്തിയെ തന്നെ വീണ്ടും സ്വർണം പൂശാൻ ഏൽപ്പിക്കുകയും ചെയ്തു.
​2021-ൽ തിരികെ കൊണ്ടുവന്ന പീഠം തിരുവാഭരണം രജിസ്റ്ററിൽ ഉൾപ്പെടുത്താതിരുന്നത് യാദൃശ്ചികമല്ല.
​2019-ൽ സ്വർണം പൂശിയതിന് 40 കൊല്ലം വാറന്റിയുണ്ടായിരിക്കെ, 2024-ൽ മങ്ങിത്തുടങ്ങിയെന്ന് ചൂണ്ടിക്കാട്ടി നടപടിക്രമങ്ങൾ പാലിക്കാതെ വീണ്ടും പോറ്റിയെത്തന്നെ ഏൽപ്പിച്ചു.
​സന്നിധാനത്ത് നിന്ന് കൊണ്ടുപോയ ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികൾ തന്നെയാണോ തിരികെ കൊണ്ടുവന്നത് എന്നതിൽ കോടതിക്ക് സംശയമുണ്ട്. തൂക്കം നോക്കാത്തതിലും അത് മഹസറിൽ രേഖപ്പെടുത്താതിലും ഉന്നതരായ ദേവസ്വം അധികൃതർക്ക് ഉത്തരവാദിത്തമുണ്ട്.

​തട്ടിപ്പ് മറയ്ക്കാൻ വീണ്ടും തട്ടിപ്പ്

​2019-ലെ സ്വർണത്തട്ടിപ്പ് മറച്ചുവെക്കാനായി സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയെ രഹസ്യമായി ഏൽപ്പിക്കാൻ ദേവസ്വം അധികൃതർ ശ്രമിച്ചു. 2024 സെപ്തംബറിൽ, സ്ട്രോംഗ് റൂമിലുള്ള മറ്റൊരുകൂട്ടം ദ്വാരപാലക ശിൽപ്പങ്ങൾ വിട്ടുനൽകിയാൽ അതിലെ സ്വർണം ഉപയോഗിച്ച് ചെലവ് കുറയ്ക്കാമെന്ന് ബോർഡിനെ അറിയിച്ചത് ഈ തട്ടിപ്പ് മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്.
​ദുരൂഹമായ ഇടപാടുകൾ നടന്ന സമയത്തെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളും ഉത്തരവുകളും സംശയാസ്പദമാണ്. രേഖകളിൽ തിരുത്തൽ വരുത്തി മേലുദ്യോഗസ്ഥരെ കബളിപ്പിച്ചോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കേണ്ടതുണ്ട്. കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുമ്പോൾ, ശബരിമലയിലെ സ്വർണക്കൊള്ളയുടെ ആഴം പുറത്തുവരുമെന്നാണ് കരുതുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img