11:31pm 12 November 2026
NEWS
ശബരിമല സ്വർണക്കൊള്ള കേസിൽ ഇനി നടക്കുന്നത് നിർണായക പരിശോധനകൾ
09/02/2026  01:56 PM IST
nila
 ശബരിമല സ്വർണക്കൊള്ള കേസിൽ ഇനി നടക്കുന്നത് നിർണായക പരിശോധനകൾ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണത്തിന് നിർണായകമായ വഴിത്തിരിവായി ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ശാസ്ത്രീയ പരിശോധനകൾക്ക് അനുമതി നൽകി. സന്നിധാനത്തെ സ്വർണ്ണപ്പാളികളിൽ നടന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് അന്തിമ വ്യക്തത നേടുന്നതിനായി ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിന് കീഴിലുള്ള നാഷണൽ ലാബിൽ പരിശോധന നടത്താനാണ് കോടതി നിർദേശം. ഈ മാസം 12-ന് ശബരിമലയിൽ നിന്ന് 12 സാമ്പിളുകൾ ശേഖരിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 1998-ൽ സ്ഥാപിച്ച യഥാർത്ഥ സ്വർണ്ണപ്പാളികളാണോ നിലവിലുള്ളത്, അതോ പഴയ ചെമ്പുപാളികളിൽ വീണ്ടും സ്വർണംപൂശിയാണ് ഇപ്പോഴുള്ള ഘടന തയ്യാറാക്കിയതെന്നതിലേക്കാണ് പരിശോധന കേന്ദ്രീകരിക്കുക.

നേരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ നടത്തിയ പരിശോധനയിൽ ശാസ്ത്രജ്ഞരുടെ മൊഴികളും റിപ്പോർട്ടും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടായ സാഹചര്യത്തിലാണ് രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള ലാബായ ബാർക്കിന്റെ സേവനം തേടാൻ കോടതി തീരുമാനിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി 2019 മുതൽ കേസിലെ പ്രതികളുടെ ഫോൺ കോൾ രേഖകൾ ശേഖരിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി അനുമതി നൽകി. പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ രണ്ട് മൊബൈൽ ഫോണുകളിൽനിന്ന് ലഭിച്ച വിവരങ്ങൾ മറ്റ് പ്രതികളുടെ കോൾ രേഖകളുമായി താരതമ്യം ചെയ്ത് പരിശോധിക്കും. ഇതിന് പുറമെ പ്രതികളുടെ കൈയക്ഷര പരിശോധനയ്ക്കും കോടതി അംഗീകാരം നൽകി.

കട്ടിളപ്പാളി, ദ്വാരപാലക പാളികൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ട നാല് പ്രതികളുടെ പങ്കിനെക്കുറിച്ച് കൂടുതൽ വിശദമായ അന്വേഷണം നടത്താൻ എസ്ഐടിക്ക് നിർദേശമുണ്ട്. 2025-ൽ നടന്ന സ്വർണംപൂശൽ നടപടികളുടെ ശാസ്ത്രീയ വശങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടും.

ഏകദേശം രണ്ടര മണിക്കൂർ നീണ്ട അടച്ചിട്ട മുറിയിലെ വിശദമായ വാദങ്ങൾക്കുശേഷമാണ് ഹൈക്കോടതി നിർണായക ഉത്തരവുകൾ പുറപ്പെടുവിച്ചത്. കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണെങ്കിലും, സ്വർണ്ണപ്പാളികളുടെ കാര്യത്തിൽ വ്യക്തത ലഭിച്ച ശേഷം മാത്രമേ ആ ഭാഗത്തേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കൂവെന്ന് കോടതി സൂചിപ്പിച്ചു.

ബാർക്കിൽനിന്നുള്ള പരിശോധനാ ഫലം ലഭ്യമാകുന്നതോടെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ശക്തമായ കുറ്റപത്രം സമർപ്പിക്കാനാണ് എസ്ഐടിയുടെ ലക്ഷ്യം. ചില കാലതാമസം ഉണ്ടാകുമെങ്കിലും, മാർച്ച് മാസത്തോടെ കുറ്റപത്രം സമർപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷ അന്വേഷണ സംഘം പങ്കുവയ്ക്കുന്നു. കേസ് ഈ മാസം 19-ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img