
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പത്തനംതിട്ട എംപിയും യുഡിഎഫ് കൺവീനറുമായ അടൂർ പ്രകാശ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മുൻപാകെ മൊഴിനൽകി. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങൾക്കും മറുപടി നൽകിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം അടൂർ പ്രകാശ് പ്രതികരിച്ചു.
കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചോദ്യംചെയ്യലിൽ ഉൾപ്പെട്ടുവെന്നും, തനിക്ക് അറിയാവുന്ന കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. തന്റെ മൊഴിയിൽ അവ്യക്തത ഉണ്ടോയെന്നത് വിലയിരുത്തേണ്ടത് അന്വേഷണ സംഘമാണെന്നും, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയതിൽ അസ്വാഭാവികത ഒന്നുമില്ലെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു.
ഇന്ന് രാവിലെ പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് എസ്‌ഐടി അടൂർ പ്രകാശിനെ ചോദ്യംചെയ്തത്. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യംചെയ്യൽ, ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രീകരിച്ചിരുന്നുവെന്നാണ് വിവരം. ഡൽഹിയിൽ സോണിയ ഗാന്ധിയെ ഉണ്ണികൃഷ്ണൻ പോറ്റി സന്ദർശിച്ചപ്പോൾ അടൂർ പ്രകാശും ഒപ്പമുണ്ടായിരുന്നെന്ന കാര്യവും അന്വേഷണ പരിധിയിൽ വന്നതായി സൂചനയുണ്ട്.
ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ യുഡിഎഫ് ശക്തമായ പ്രചാരണം തുടരുന്നതിനിടെയാണ് യുഡിഎഫ് കൺവീനറെ ചോദ്യംചെയ്യാൻ എസ്‌ഐടി വിളിപ്പിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയെ പലതവണ കണ്ടിട്ടുണ്ടെന്ന് നേരത്തെ സമ്മതിച്ചിരുന്ന അടൂർ പ്രകാശ്, എന്നാൽ കേസുമായി നേരിട്ട ബന്ധമുണ്ടെന്ന ആരോപണം തുടർച്ചയായി നിഷേധിച്ചു വരികയായിരുന്നു.
ഡൽഹിയിൽ സോണിയ ഗാന്ധിയെ കാണുന്നതിനായി ഉണ്ണികൃഷ്ണൻ പോറ്റി അപ്പോയിന്റ്‌മെന്റ് എടുത്തപ്പോൾ, മണ്ഡലത്തിലെ വോട്ടറായതിനാൽ തന്നെ ഒപ്പം കൂട്ടുകയായിരുന്നുവെന്നായിരുന്നു അടൂർ പ്രകാശിന്റെ വിശദീകരണം. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരുടെ മൊഴികൾ എസ്‌ഐടി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അടൂർ പ്രകാശിനെ അന്വേഷണത്തിനായി വിളിപ്പിച്ചത്.











