01:14pm 12 November 2026
NEWS
ശബരിമല സ്വർണക്കൊള്ളക്കേസിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്യും
31/12/2025  12:41 PM IST
nila
ശബരിമല സ്വർണക്കൊള്ളക്കേസിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. കേസിലെ മുഖ്യകണ്ണിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിനുള്ള ബന്ധത്തെക്കുറിച്ച് വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുള്ളവരുടെ പട്ടിക എസ്‌ഐടി തയ്യാറാക്കിയതിനു പിന്നാലെയാണ് അന്വേഷണം അടൂർ പ്രകാശിലേക്കും നീളുന്നത്. പോറ്റി ഡൽഹിയിൽ സോണിയ ഗാന്ധിയെ സന്ദർശിച്ചപ്പോൾ അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നുവെന്ന വിവരം അന്വേഷണസംഘം ഗൗരവത്തോടെയാണ് പരിശോധിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരുടെ മൊഴികൾ എസ്‌ഐടി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ രാഷ്ട്രീയ നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും, തെളിവുണ്ടെങ്കിൽ നടപടി സ്വീകരിക്കട്ടെയെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഉണ്ണികൃഷ്ണൻ പോറ്റി ഡൽഹിയിൽ രണ്ട് തവണ സോണിയ ഗാന്ധിയുടെ വസതി സന്ദർശിച്ചതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇതിൽ ഒരിക്കൽ അടൂർ പ്രകാശും മറ്റൊരു തവണ ആന്റോ ആന്റണി എംപിയുമാണ് ഒപ്പമുണ്ടായിരുന്നത്. എന്നാൽ സോണിയ ഗാന്ധിയെ കാണാൻ സാധാരണയായി അപ്പോയിന്റ്മെന്റ് ലഭിക്കാൻ പ്രയാസമുള്ള സാഹചര്യത്തിൽ, പോറ്റിക്ക് എങ്ങനെ ഇത്ര വേഗത്തിൽ അവസരം ലഭിച്ചുവെന്നതാണ് അന്വേഷണസംഘത്തിന്റെ സംശയം.

തന്റെ മണ്ഡലത്തിലെ വോട്ടറായ ഉണ്ണികൃഷ്ണൻ പോറ്റി ആവശ്യപ്പെട്ടതിനെ തുടർന്നാണ് താനും ഒപ്പം പോയതെന്നുമാണ് അടൂർ പ്രകാശിന്റെ വിശദീകരണം. സാമൂഹ്യ സേവന രംഗത്തെ പരിചയം മാത്രമേ പോറ്റിയുമായി തനിക്കുള്ളുവെന്നും മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നുമാണ് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img