07:38pm 11 November 2026
NEWS
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റിനെ ചോദ്യം ചെയ്തു
03/11/2025  08:41 AM IST
nila
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റിനെ ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. എസ്പി ശശിധരനാണ് വാസുവിന്റെ മൊഴി രേഖപ്പെടുത്തിയത്. വാസുവിന്റെ മുൻ പിഎ സുധീഷ് കുമാറിനെ നേരത്തേ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വാസുവിനെയും ചോദ്യം ചെയ്തത്.

കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി 2019 ഡിസംബർ 9-ന് വാസുവിന് അയച്ച ഇമെയിൽ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധിച്ചത്. ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിലിന്റെയും പ്രധാന ജോലികൾ പൂർത്തിയായ ശേഷം സ്വർണം ബാക്കിയുണ്ടെന്നും, സഹായം ആവശ്യമുള്ള പെൺകുട്ടിയുടെ വിവാഹത്തിന് അത് ഉപയോഗിക്കാമോ എന്നായിരുന്നു ഇമെയിലിന്റെ ഉള്ളടക്കം.
“
ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ അനുമതി തേടിയതല്ല, ഉപദേശം തേടിയതാണ് ആ ഇമെയിൽ. അത് സന്നിധാനത്തിലെ സ്വർണമാണെന്ന് കരുതാനാവില്ലായിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്വർണം ഉപയോഗിച്ചാണ് ദ്വാരപാലക ശിൽപങ്ങൾ പൂശിയതെന്നും, അതിന്റെ ബാക്കി എങ്ങനെ ഉപയോഗിക്കണമെന്ന് ചോദിച്ചതായാണ് തോന്നിയത്,” — വാസു വ്യക്തമാക്കി.

ഇമെയിൽ പ്രിന്റ് എടുത്ത് ‘തിരുവാഭരണം കമ്മിഷണറുടെയും ശബരിമല എക്സിക്യൂട്ടീവ് ഓഫിസറുടെയും അഭിപ്രായം വാങ്ങുക’ എന്ന കുറിപ്പോടെ അത് ഫോർവേഡ് ചെയ്തെന്നാണ് വാസു അന്വേഷണ സംഘത്തിന് നൽകിയ മൊഴി. എന്നാൽ, പിന്നീട് കാര്യത്തിന്റെ പുരോഗതി അന്വേഷിച്ചില്ലെന്നും വാസു വ്യക്തമാക്കി.

അതേസമയം, ശബരിമല ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന് ഔദ്യോഗികമായി രേഖപ്പെടുത്തും. റിമാൻഡിലുള്ള പ്രതിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണം സംഘം റാന്നി കോടതിയെ സമീപിക്കും. ആദ്യ കേസിൽ പ്രതിയെ 14 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. കേസിലെ മറ്റൊരു പ്രതിയായ മുരാരി ബാബു ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണു വിവരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img