01:20pm 11 November 2026
NEWS
​ശബരിമല സ്വർണ്ണത്തട്ടിപ്പ്: ചെമ്പ് പുറത്ത്, ദേവസ്വം ഉന്നതരും കുടുങ്ങും
05/10/2025  04:55 PM IST
സുരേഷ് വണ്ടന്നൂർ
​ശബരിമല സ്വർണ്ണത്തട്ടിപ്പ്: ചെമ്പ് പുറത്ത്, ദേവസ്വം ഉന്നതരും കുടുങ്ങും
HIGHLIGHTS

1998-99ലെ നിർണ്ണായക രേഖകൾ വിജിലൻസ് പിടിച്ചെടുത്തു; കാൽനൂറ്റാണ്ടിലെ കാണിക്ക സ്വർണ്ണത്തിലും സംശയം

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണത്തട്ടിപ്പ് കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും ഉദ്യോഗസ്ഥരും കുരുക്കിലാകാൻ സാധ്യതയേറി. വ്യവസായി വിജയ് മല്യ സ്പോൺസർ ചെയ്ത 30 കിലോയിലേറെ സ്വർണ്ണം പാകിയതുമായി ബന്ധപ്പെട്ട മഹസറും രജിസ്റ്ററും ദേവസ്വം വിജിലൻസ് റെയ്ഡിൽ പിടിച്ചെടുത്തതോടെയാണ് വഴിത്തിരിവ്.
​കാൽ നൂറ്റാണ്ടിനിടെ കാണിക്കയായി ലഭിച്ച സ്വർണ്ണം ഉൾപ്പെടെയുള്ള അമൂല്യ സമ്പത്തിൽ പലതും അപഹരിക്കപ്പെട്ടു എന്ന സംശയവും ഇതോടെ ബലപ്പെട്ടു. പിടിച്ചെടുത്ത രേഖകൾ വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിക്കാനൊരുങ്ങുകയാണ്. ഇതോടെ, ഹൈക്കോടതിയോട് അന്വേഷണം ആവശ്യപ്പെടുമെന്ന പരസ്യനിലപാടുമായി ദേവസ്വം ബോർഡ് രംഗത്തെത്തി.

​തട്ടിപ്പ് പൊളിഞ്ഞത് വ്യാജരേഖയിലൂടെ

​ദ്വാരപാലക ശിൽപ്പങ്ങളിൽ പൊതിഞ്ഞിരുന്നത് സ്വർണ്ണം തന്നെയെന്ന് കണ്ടെടുത്ത രേഖകളിൽ പറയുന്നു.
​എന്നാൽ, 2019ൽ എ. പത്മകുമാർ പ്രസിഡന്റായ ബോർഡ്, ശിൽപ്പ പാളികൾ ഇളക്കിയെടുത്ത് സ്വർണ്ണം പൂശാൻ അനുമതി നൽകിയപ്പോൾ, ഇവ ചെമ്പു പാളികളാണെന്ന് മഹസറിലും രജിസ്റ്ററിലും രേഖപ്പെടുത്തുകയായിരുന്നു.
​സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി തട്ടിപ്പ് നടത്തിയെന്ന് വരുത്തിത്തീർക്കാൻ ദേവസ്വം ബോർഡ് ശ്രമിച്ചിരുന്നു. എന്നാൽ, 1998-99ലെ യഥാർത്ഥ മഹസറും രജിസ്റ്ററും കണ്ടെത്തിയതോടെ 2019ൽ വ്യാജരേഖ ചമച്ച് നടത്തിയ തട്ടിപ്പാണ് വിജിലൻസ് പൊളിച്ചത്.

​റെയ്ഡ് നാലിടത്ത്, കോടതി ഇടപെടൽ യോഗദണ്ഡിലും

​ഹൈക്കോടതി നിർദ്ദേശപ്രകാരം അന്വേഷണം നടത്തുന്ന വിജിലൻസ് ആവശ്യപ്പെട്ടിട്ടും വിജയ് മല്യ സ്വർണ്ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകൾ കൈമാറാൻ ബോർഡ് അധികൃതർ തയ്യാറായിരുന്നില്ല.
​തുടർന്ന്, എസ്.പി ഡി. സുനിൽ‌കുമാറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ആസ്ഥാനം, സന്നിധാനത്തെ ഓഫീസ്, പത്തനംതിട്ട ഓഫീസ്, ആറൻമുളയിലെ സ്ട്രോംഗ് റൂം എന്നിവിടങ്ങളിൽ റെയ്ഡ് നടത്തിയാണ് രേഖകൾ പിടിച്ചെടുത്തത്.
​1998ൽ സ്വർണ്ണം പൊതിയുന്നതിന് മകുടങ്ങൾ ഇളക്കിമാറ്റിയതിലും തിരുമുറ്റത്തെ മണികൾ ഉടച്ചുവാർത്തതിലും ക്രമക്കേട് നടന്നതായും ആക്ഷേപമുണ്ട്.

​എട്ടു വർഷം മുമ്പ് ഇളക്കിമാറ്റിയ പഴയ കൊടിമരത്തിലെ വാജിവാഹന വിഗ്രഹം എവിടെയെന്ന് പോലും അറിയില്ലെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു.
​2023ൽ യോഗദണ്ഡും രുദ്രാക്ഷ മാലയും കോടതിയെ അറിയിക്കാതെ ചെന്നൈയിലേക്ക് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതിലും ഇടപെടലുണ്ടായിരുന്നു. ഈ കർശന നിർദ്ദേശം നിലനിൽക്കെയാണ് സ്വർണ്ണപ്പാളികൾ കോടതിയെ അറിയിക്കാതെ കടത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img