
1998-99ലെ നിർണ്ണായക രേഖകൾ വിജിലൻസ് പിടിച്ചെടുത്തു; കാൽനൂറ്റാണ്ടിലെ കാണിക്ക സ്വർണ്ണത്തിലും സംശയം
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണത്തട്ടിപ്പ് കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും ഉദ്യോഗസ്ഥരും കുരുക്കിലാകാൻ സാധ്യതയേറി. വ്യവസായി വിജയ് മല്യ സ്പോൺസർ ചെയ്ത 30 കിലോയിലേറെ സ്വർണ്ണം പാകിയതുമായി ബന്ധപ്പെട്ട മഹസറും രജിസ്റ്ററും ദേവസ്വം വിജിലൻസ് റെയ്ഡിൽ പിടിച്ചെടുത്തതോടെയാണ് വഴിത്തിരിവ്.
കാൽ നൂറ്റാണ്ടിനിടെ കാണിക്കയായി ലഭിച്ച സ്വർണ്ണം ഉൾപ്പെടെയുള്ള അമൂല്യ സമ്പത്തിൽ പലതും അപഹരിക്കപ്പെട്ടു എന്ന സംശയവും ഇതോടെ ബലപ്പെട്ടു. പിടിച്ചെടുത്ത രേഖകൾ വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിക്കാനൊരുങ്ങുകയാണ്. ഇതോടെ, ഹൈക്കോടതിയോട് അന്വേഷണം ആവശ്യപ്പെടുമെന്ന പരസ്യനിലപാടുമായി ദേവസ്വം ബോർഡ് രംഗത്തെത്തി.
തട്ടിപ്പ് പൊളിഞ്ഞത് വ്യാജരേഖയിലൂടെ
ദ്വാരപാലക ശിൽപ്പങ്ങളിൽ പൊതിഞ്ഞിരുന്നത് സ്വർണ്ണം തന്നെയെന്ന് കണ്ടെടുത്ത രേഖകളിൽ പറയുന്നു.
എന്നാൽ, 2019ൽ എ. പത്മകുമാർ പ്രസിഡന്റായ ബോർഡ്, ശിൽപ്പ പാളികൾ ഇളക്കിയെടുത്ത് സ്വർണ്ണം പൂശാൻ അനുമതി നൽകിയപ്പോൾ, ഇവ ചെമ്പു പാളികളാണെന്ന് മഹസറിലും രജിസ്റ്ററിലും രേഖപ്പെടുത്തുകയായിരുന്നു.
സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി തട്ടിപ്പ് നടത്തിയെന്ന് വരുത്തിത്തീർക്കാൻ ദേവസ്വം ബോർഡ് ശ്രമിച്ചിരുന്നു. എന്നാൽ, 1998-99ലെ യഥാർത്ഥ മഹസറും രജിസ്റ്ററും കണ്ടെത്തിയതോടെ 2019ൽ വ്യാജരേഖ ചമച്ച് നടത്തിയ തട്ടിപ്പാണ് വിജിലൻസ് പൊളിച്ചത്.
റെയ്ഡ് നാലിടത്ത്, കോടതി ഇടപെടൽ യോഗദണ്ഡിലും
ഹൈക്കോടതി നിർദ്ദേശപ്രകാരം അന്വേഷണം നടത്തുന്ന വിജിലൻസ് ആവശ്യപ്പെട്ടിട്ടും വിജയ് മല്യ സ്വർണ്ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകൾ കൈമാറാൻ ബോർഡ് അധികൃതർ തയ്യാറായിരുന്നില്ല.
തുടർന്ന്, എസ്.പി ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ആസ്ഥാനം, സന്നിധാനത്തെ ഓഫീസ്, പത്തനംതിട്ട ഓഫീസ്, ആറൻമുളയിലെ സ്ട്രോംഗ് റൂം എന്നിവിടങ്ങളിൽ റെയ്ഡ് നടത്തിയാണ് രേഖകൾ പിടിച്ചെടുത്തത്.
1998ൽ സ്വർണ്ണം പൊതിയുന്നതിന് മകുടങ്ങൾ ഇളക്കിമാറ്റിയതിലും തിരുമുറ്റത്തെ മണികൾ ഉടച്ചുവാർത്തതിലും ക്രമക്കേട് നടന്നതായും ആക്ഷേപമുണ്ട്.
എട്ടു വർഷം മുമ്പ് ഇളക്കിമാറ്റിയ പഴയ കൊടിമരത്തിലെ വാജിവാഹന വിഗ്രഹം എവിടെയെന്ന് പോലും അറിയില്ലെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു.
2023ൽ യോഗദണ്ഡും രുദ്രാക്ഷ മാലയും കോടതിയെ അറിയിക്കാതെ ചെന്നൈയിലേക്ക് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതിലും ഇടപെടലുണ്ടായിരുന്നു. ഈ കർശന നിർദ്ദേശം നിലനിൽക്കെയാണ് സ്വർണ്ണപ്പാളികൾ കോടതിയെ അറിയിക്കാതെ കടത്തിയത്.











