
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയ കേന്ദ്രങ്ങളിലൊന്നാണ് ശബരിമല. എന്നാൽ, അടുത്തകാലത്തായി ശബരിമല സംബന്ധിച്ച് വാർത്തകളിൽ നിറയുന്നത് കേട്ടുകേൾവിയില്ലാത്ത ചില സംഭവങ്ങളുടെ പേരിലാണ്. ശബരിമലയിലെ സ്വർണക്കൊള്ളയുടെ പേരിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് മുതൽ ക്ഷേത്രം തന്ത്രി വരെ ഇന്ന് ജയിലിലാണ്. കേരളത്തിന് ഇത്തരം ഒരു അനുഭവം മുമ്പ് ഉണ്ടായിട്ടില്ല. ലോകമെമ്പാടുമുള്ള അയ്യപ്പഭക്തന്മാർ ഞെട്ടിയ ശബരിമല സ്വർണക്കൊള്ളയുടെ പൂർണവിവരങ്ങൾ ഇന്നും ഭൂരിപക്ഷത്തിനും അജ്ഞാതമാണ്.
ശബരിമല സന്നിധാനത്തിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിയുടെ പേരിൽ മാറ്റി, പിന്നീട് അതിലെ സ്വർണം നഷ്ടമായെന്ന കണ്ടെത്തലാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഹൈക്കോടതിയുടെ നേരിട്ടുള്ള ഇടപെടലോടെ വിഷയം ആഭ്യന്തര പരിശോധനയിൽ നിന്ന് സമഗ്രമായ ക്രിമിനൽ അന്വേഷണമായി മാറുകയായിരുന്നു. ഈ കേസിൽ ശബരിമല മുൻ തന്ത്രി താഴമൺ മഠം കണ്ഠരര് രാജീവർ ഉൾപ്പെടെ 11 പേർ അറസ്റ്റിലായതോടെ, അന്വേഷണം ക്ഷേത്ര ഭരണസംവിധാനത്തിന്റെ എല്ലാ തലങ്ങളിലേക്കും നീളുകയാണ്. കൂടുതൽ പേർ നിയമനടപടികൾക്ക് വിധേയരാകുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഭക്തരിലും പൊതുസമൂഹത്തിലും ഉയരുന്നത്.
സ്വർണപൂശൽ: പഴയ സംഭാവന, പുതിയ സംശയം
1998ൽ വ്യവസായി വിജയ് മല്ല്യ നൽകിയ സംഭാവനയിലൂടെയാണ് ശബരിമല ശ്രീകോവിലിനും ദ്വാരപാലക ശിൽപ്പങ്ങൾക്കും സ്വർണം പൂശുന്ന പദ്ധതി നടപ്പാക്കിയത്. 32 കിലോഗ്രാം സ്വർണ്ണവും 1,900 കിലോഗ്രാം ചെമ്പും ഉപയോഗിച്ച 18 കോടി രൂപയുടെ പദ്ധതി നടപ്പാക്കിയത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിലായിരുന്നു. 2019ൽ അലങ്കാര പാനലുകളും തിരുവാഭരണങ്ങളും പുനരുദ്ധാരണത്തിനായി മാറ്റിയിരുന്നു. എന്നാൽ, 2025ൽ ഹൈക്കോടതി നിർദേശിച്ച വിജിലൻസ് പരിശോധനയിലാണ് മുൻ രേഖകളുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണപ്പാളികളുടെ ഭാരത്തിൽ വ്യത്യാസം കണ്ടെത്തിയത്. ലബോറട്ടറി പരിശോധനകൾ സ്വർണ്ണത്തിന്റെ അളവ് കുറഞ്ഞതായി സ്ഥിരീകരിച്ചതോടെ കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
അറ്റകുറ്റപ്പണിയിൽ നിന്ന് ഗൂഢാലോചനയിലേക്ക്
അറ്റകുറ്റപ്പണികളുടെ ചുമതലയുണ്ടായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയിലേക്കാണ് ആദ്യം അന്വേഷണം എത്തിയത്. അംഗീകൃത നവീകരണത്തിന്റെ മറവിൽ സ്വർണപ്പാളികൾ ചെന്നൈയ്ക്കടുത്തുള്ള ലോഹസംസ്കരണ യൂണിറ്റിലേക്ക് മാറ്റി, അവിടെ രാസപരമായി സ്വർണം വേർതിരിച്ചെടുത്തുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് ഫാക്ടറി ഉടമയെയും ബല്ലാരിയിലെ ഒരു സ്വർണ്ണ വ്യാപാരിയെയും അറസ്റ്റ് ചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ ദേവസ്വം ബോർഡിലെ മുൻ അഡ്മിനിസ്ട്രേറ്റീവ്, എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേരുടെ അറസ്റ്റുണ്ടായി. ഭരണനേതൃത്വത്തിന്റെ പിന്തുണയില്ലാതെ ഈ മോഷണം നടക്കാനാകില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.
രാഷ്ട്രീയ മാനം
നവംബർ 11ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിന്റെ അറസ്റ്റോടെ കേസിന് വ്യക്തമായ രാഷ്ട്രീയ മാനം കൈവന്നു. സ്വർണ്ണം പൂശിയ ഷീറ്റ് ചെമ്പാണെന്നായി രേഖപ്പെടുത്തിയതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് വാസുവിനെതിരേ ഉന്നയിച്ചത്. മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റും ഇതോടൊപ്പം നടന്നു.
തന്ത്രിയിലേക്കുള്ള അന്വേഷണം
അവസാനം അന്വേഷണം ശബരിമലയിലെ മുൻ തന്ത്രിയായ കണ്ഠരര് രാജീവരിലേക്കും എത്തി. ആചാരലംഘനങ്ങളും ഔദ്യോഗിക പദവി ദുരുപയോഗവും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് അദ്ദേഹത്തിന് മേൽ ചുമത്തിയിരിക്കുന്നത്. ദേവസ്വം ബോർഡിൽ നിന്ന് ഓണറേറിയം ലഭിക്കുന്നതിനാൽ അഴിമതി നിരോധന നിയമവും ബാധകമാക്കിയിട്ടുണ്ട്.
ഹൈക്കോടതിയുടെ ഇടപെടൽ
സ്വർണപ്പാളികൾ മാറ്റിയെന്ന സംശയം ശക്തമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ശാസ്ത്രീയ പരിശോധന നടത്തിയ ഉദ്യോഗസ്ഥരുടെ വിശദമായ മൊഴിയെടുക്കാനും കൂടുതൽ പ്രതികളെ കണ്ടെത്താനും നിർദേശം നൽകി. കണ്ടെത്താനുള്ള സ്വർണം ഇപ്പോഴും ബാക്കി നിൽക്കുന്നുവെന്ന നിരീക്ഷണവും കോടതി നടത്തി.
രാഷ്ട്രീയ പ്രതികരണങ്ങൾ
അന്വേഷണം ചിലരിൽ മാത്രം ഒതുങ്ങുകയാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. ദേവസ്വം മന്ത്രിയുടെയും മുൻ മന്ത്രിമാരുടെയും ഉത്തരവാദിത്തം പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്. അതേസമയം, പൂർണ്ണവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നാണ് എല്ലാ പക്ഷങ്ങളും ഔദ്യോഗികമായി പറയുന്നത്.
ശബരിമല സ്വർണക്കൊള്ള കേസ് വെറുമൊരു മോഷണക്കേസായി മാത്രം കാണാനാകില്ല. വിശ്വാസം, ഭരണസുതാര്യത, രാഷ്ട്രീയ ഉത്തരവാദിത്തം എന്നിവ ഒരുമിച്ച് പരീക്ഷിക്കപ്പെടുന്ന ഒരു നിർണായക ഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്.










