
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മറ്റ് ഉദ്യോഗസ്ഥർക്കും എതിരെ ഗുരുതര കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം. മുൻപ് നടന്ന സ്വർണക്കവർച്ച മറച്ചുവെക്കാൻ വേണ്ടി ബോർഡിന്റെ നേതൃത്വത്തിൽ ക്രിമിനൽ ഗൂഢാലോചനയും ചട്ടലംഘനങ്ങളും നടന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
2025-ൽ ശബരിമലയിൽ നിന്ന് ദ്വാരപാലക ശിൽപ്പങ്ങൾ ചെന്നൈയിലെ 'സ്മാർട്ട് ക്രിയേഷൻസി'ലേക്ക് എത്തിച്ചതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പ്രധാന കണ്ടെത്തൽ. 2019-ൽ ഇതേ ശിൽപ്പങ്ങളിൽ സ്വർണം പൂശാനായി കൊണ്ടുപോയ സമയത്ത് ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം കവർച്ച ചെയ്തിരുന്നു. ഈ വിവരം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും കൃത്യമായി അറിയാമായിരുന്നു. എന്നാൽ ഈ കവർച്ചാ വിവരം പുറത്തറിയാതിരിക്കാനും മറച്ചുവെക്കാനുമാണ് എല്ലാ ചട്ടങ്ങളും ലംഘിച്ച് 2025-ൽ വീണ്ടും സ്വർണം പൂശാനെന്ന വ്യാജേന ശിൽപ്പങ്ങൾ ചെന്നൈയിലേക്ക് മാറ്റിയത്.
ഹൈക്കോടതി ഉത്തരവും മാന്വലും കാറ്റിൽപ്പറത്തി
ട്രാവൻകൂർ കൊച്ചിൻ ദേവസ്വം മാന്വൽ പ്രകാരം ക്ഷേത്രത്തിന് ചുറ്റുവട്ടത്ത് വെച്ച് മാത്രമേ തിരുവാഭരണങ്ങളും മറ്റ് ആഭരണങ്ങളും അറ്റകുറ്റപ്പണി നടത്താൻ പാടുള്ളൂ. എന്നാൽ ഇതെല്ലാം ലംഘിച്ചാണ് ശിൽപ്പപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയത്. കൂടാതെ, ശബരിമലയിലെ എല്ലാ അറ്റകുറ്റപ്പണികളും ഹൈക്കോടതി നിയോഗിക്കുന്ന ശബരിമല സ്പെഷൽ കമ്മിഷണറെ മുൻകൂട്ടി അറിയിക്കണമെന്ന് 2023 ജൂൺ 30-ന് ഹൈക്കോടതി കർശന ഉത്തരവ് നൽകിയിരുന്നു. ഈ ഉത്തരവും ബോർഡ് പൂർണ്ണമായി ലംഘിച്ചു.
അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ: 2023 മുതൽ തന്നെ ഇതിനായുള്ള ഗൂഢാലോചനകൾ ആരംഭിച്ചിരുന്നു. 2024 സെപ്തംബർ 20-നാണ് ദ്വാരപാലക ശിൽപ്പപ്പാളികളിൽ സ്വർണം പൂശണമെന്ന ഫയൽ ദേവസ്വം ബോർഡിന് മുന്നിലെത്തുന്നത്. സെപ്തംബർ 30-ന് ഉണ്ണികൃഷ്ണൻ പോറ്റി ഇതിനുള്ള അപേക്ഷ നൽകി. ശബരിമല എക്സിക്യുട്ടീവ് ഓഫീസറായിരുന്ന മുരാരിബാബുവാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം തന്നെ പാളികൾ കൊടുത്തുവിടണമെന്ന് ശുപാർശ ചെയ്ത് ഫയൽ അയച്ചത്.
മുൻപ് നടന്ന കവർച്ച പുറംലോകം അറിയാതിരിക്കാൻ വേണ്ടിയാണ് ഈ ശുപാർശയെന്ന് വ്യക്തമായി അറിഞ്ഞുകൊണ്ടുതന്നെ പി.എസ്. പ്രശാന്തും ബോർഡ് അംഗം അജികുമാറും തിരുവാഭരണം കമ്മിഷണർ ഉൾപ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനിന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുമെന്നാണ് സൂചന.










