05:00am 14 September 2026
NEWS
യഥാർഥ പാളികൾ എവിടെ? ശബരിമല സ്വർണക്കൊള്ള ആസൂത്രിത കവർച്ച
31/01/2026  09:34 PM IST
ചവറ സുരേന്ദ്രൻപിള്ള
യഥാർഥ പാളികൾ എവിടെ? ശബരിമല സ്വർണക്കൊള്ള ആസൂത്രിത കവർച്ച

ശബരിമലയിലെ യഥാർഥ സ്വർണപ്പാളികൾ മാറ്റി വേറെ വച്ചതിന്റെ സൂചനകളാണ് വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററിൽ നടത്തിയ ശാസ്ത്രീയ പരിശോധനയുടെ ഫലം നൽകുന്നതെന്ന് ഹൈക്കോടതിയിൽ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്.ഐ.ടി ) നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശിക്കൊണ്ടുവന്ന കട്ടിളപ്പാളി, ദ്വാരപാലകശില്പങ്ങൾ എന്നിവയിൽ സ്വർണത്തിന്റെ അളവ് കാര്യമായി കുറഞ്ഞു. വിജയ് മല്യ സ്വിറ്റ്‌സർലന്റിൽ നിന്ന് ഇറക്കുമതി ചെയ്ത ശുദ്ധമായ സ്വർണമായിരുന്നു പാളികളിൽ ഉണ്ടായിരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരിച്ചു കൊണ്ടുവന്ന പാളികളിലുള്ളത് മേന്മ കുറഞ്ഞതും തൂക്കത്തിൽ കുറവുമായിരുന്നു. 15 സാമ്പിളുകളാണ് വി.എസ്.എസ്.സി പരിശോധിച്ചത്. 

1998 ൽ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞ് മാറ്റം കൂടാതെ നിലനിറുത്തിയിരിക്കുന്ന മറ്റു പാളികളും പോറ്റി നിറം മങ്ങി എന്നും മറ്റും കാരണം പറഞ്ഞ് പോറ്റിയുടെ നേതൃത്വത്തിൽ പിന്നീട് വീണ്ടും സ്വർണം പൂശി. 2019 ൽ സ്വർണം പൂശി തിരികെ എത്തിച്ച പാളികളും തമ്മിൽ താരതമ്യ പഠനം നടത്തിയായിരുന്നു വിഎസ്എസ് സി റിപ്പോർട്ട് തയ്യാറാക്കിയത്. യഥാർഥ പാളിയിൽ നിക്കൽ, അക്രലിക് പോളിമർ എന്നിവയുടെ അടുക്ക് ഉണ്ടായിരുന്നില്ല. എന്നാൽ നിലവിലെ പാളിയിൽ നിക്കൽ, അക്രലിക് പോളിമർ എന്നിവയുടെ അടുക്ക് ഉണ്ട്. എന്നാൽ മെർക്കുറി ഇല്ലെന്നു രാസപരിശോധനാ ഫലം ചൂണ്ടികാട്ടുന്നു. സ്വർണത്തിന്റെയും നിക്കലിന്റെയും അടുക്കുകളുടെ കനത്തിലും വ്യത്യാസവും പാളികളിൽ കൃത്രിമം കാട്ടിയതിന്റെയും മാറ്റി വച്ചതിന്റെയും രീതികളും ചെയ്ത വിധവും സൂചിപ്പിക്കുന്നതാണ് രാസ പരിശോധനാഫലം.   
                                               
അയ്യപ്പന്റെ സന്നിധിയിലെ അമൂല്യ വസ്തുവായ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി അന്താരാഷ്ട്ര മാർക്കറ്റിൽ വിറ്റെന്ന സംശയം ഇതോടെ ബലപ്പെട്ടിരിക്കുകയാണ്. നിർമാതാക്കളുടെ സഹായത്തോടെ പുതിയ അച്ചുണ്ടാക്കി പഴയതിനു സമാനമായ പാളികൾ നിർമിച്ചെടുത്ത് അതിൽ സ്വർണം പൂശി തിരിച്ചെത്തിച്ചതാകാമെന്നും കരുതുന്നു. ദ്വാരപാലക ശില്പങ്ങളുടെ പാളികളുമായി ബന്ധപ്പെട്ട് മൂന്നുപേരുടെയും കട്ടിളപ്പാളികളുടെ കേസിൽ രണ്ടുപേരുടെയും പങ്ക് സംശയിക്കപ്പെടുന്നതായി എസ്. ഐ.ടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ കൊടിമരനിർമാണം സംബന്ധിച്ചുള്ള അന്വേഷണവും നടക്കുകയാണ്. ഇടപാടുകൾ സംബന്ധിച്ചു സംശയകരവും അസ്വസ്ഥജനകവുമായ സാഹചര്യങ്ങളാണ് വസ്തുതകൾ വെളിപ്പെടുത്തുന്നതെന്ന് കോടതി ചൂണ്ടികാട്ടി. 

2017 ൽ പുതിയ കൊടിമരം സ്ഥാപിച്ചു. പഴയ കൊടിമരത്തിലെ വാജിവാഹനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ എന്നിവർ അന്നത്തെ തന്ത്രി കണ്ഠരര് രാജീവർക്കു കൈമാറിയിരുന്നു. തന്ത്രിയുടെ വീട്ടിൽ നടന്ന പരിശോധനയിൽ വാജിവാഹനം എസ് ഐ ടി പിടിച്ചെടുത്തു. പഞ്ചലോഹ നിർമിതമാണെന്നും 10.68 കിലോഗ്രാമുള്ള അതിന്റെ പുറത്ത് വലിയ തോതിൽ സ്വർണ സാന്നിധ്യമുണ്ടെന്നും കണ്ടെത്തിയിരുന്നു. കേസിൽ ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്നവരുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.                                                          
ശബരിമല സ്വർണക്കൊള്ളയുടെ അന്വേഷണം കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൂടി ഏറ്റെടുത്തതോടെ കേസിന്റെ വ്യാപതിയും ആഴവും വർധിക്കുകയാണ്. 

ജനുവരി 20 നു രാവിലെ 7 മുതൽ പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും കേന്ദ്രസേന ഉൾപ്പെടെ നൂറിലധികം ഇ.ഡി ജീവനക്കാർ പങ്കെടുത്ത മിന്നൽ പരിശോധനയിൽ പ്രതികൾ നടത്തിയ കുറ്റകൃത്യങ്ങളിലൂടെ നേടിയ സ്വത്ത് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഒരേസമയം കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലായി 21 കേന്ദ്രങ്ങളിലായിരുന്നു 'ഓപ്പറേഷൻ ഗോൾഡൻ ഷാഡോ' എന്ന പേരിൽ ഇ.ഡി.യുടെ വ്യാപക റെയ്ഡ്. ബാങ്ക് അക്കൗണ്ട്, ആസ്തി എന്നിവയിലായിരുന്നു മുഖ്യമായ പരിശോധന. സ്മാർട്ട് ക്രിയേഷൻസിന്റെ ചെന്നൈ അമ്പത്തൂരിലെ ഷോറും, ഉണ്ണികൃഷ്ണൻ പോറ്റിയുടെ പുളിമാത്തെ വീട്ടിലും ബംഗളൂരുവിലെ വാടകവീടായ ശ്രീറാംപുര എന്നിവിടങ്ങൾ, ദേവസ്വം ബോർഡ് ആസ്ഥാനം, എൻ.വാസുവിന്റെ പേട്ടയിലെ വീട്, മുരാരി ബാബുവിന്റെ പെരുന്നയിലെ വീട്,എ. പത്മകുമാറിന്റെ ആറന്മുളയിലെ വീട്, ബംഗളുരു ബെല്ലാരിയിലെ സ്വർണ വ്യപാരി ഗോവർധന്റെ വീടും ജൂവലറിയും, ബംഗളൂരുവിലെ പങ്കജ് ഭണ്ഡാരിയുടെ വീട്, ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്.ജയശ്രീയുടെ കാക്കനാട്ടെ ഫ്‌ളാറ്റ്, തിരുവല്ല മുത്തൂരിലെ വീട്, തിരുവാഭരണം കമ്മിഷണർ ബൈജുവിന്റെ പാങ്ങപ്പാറയിലെ ഫ്‌ളാറ്റ്, ശബരിമല മുൻ എക്‌സി. ഓഫീസർ ഡി.സുധീഷ്‌കുമാറിന്റെ മണ്ണടി ദേശക്കല്ലുംമൂട്ടിലെ വീട് തുടങ്ങിയ ഇടങ്ങളിലായിരുന്നു ഇ.ഡി.യുടെ റെയ്ഡ് നടന്നത്. 

13 മണിക്കൂറോളം നീണ്ട റെയ്ഡുകളിൽ മുഖ്യമായും കള്ളപ്പണ ഇടപാടുകൾ വല്ലതും നടന്നിട്ടുണ്ടോ എന്ന അന്വേഷണമാണ് ഇ.ഡി. ഉദ്യോഗസ്ഥർ നടത്തിയത്. ഇ ഡി . റജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസിൽ 35 വ്യക്തികളും എട്ട് സ്ഥാപനങ്ങളുമാണ് അന്വേഷണ പരിധിയിലുള്ളത്.                                                    പോറ്റിയിൽ തുടങ്ങിയ അറസ്റ്റ് പരമ്പര തുടരുകയാണ്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം ഒക്ടോബർ 16 നാണ് അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കിയത്. സ്‌പോൺസറായ പോറ്റി സ്വർണം തട്ടിയെടുത്തതിൽ പ്രധാന പങ്കുവഹിച്ചതാണ് കുറ്റം. തുടർന്ന് ശബരിമലയിലെ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ചങ്ങനാശ്ശേരി പെരുന്നയിലെ വീട്ടിൽ നിന്ന് ഒക്ടോബർ 23 നാണ് കസ്റ്റഡിയിലെടുത്തത്. സ്വർണം ചെമ്പാണെന്നു രേഖപ്പെടുത്തി സ്വർണം കൊള്ളയടിക്കാനുള്ള ഗൂഢാലോചന നടത്തിയെന്നാണ് കുറ്റം. ശബരിമലയിലെ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി.സുധീഷ്‌കുമാറിനെ നവംബർ ഒന്നിനും അറസ്റ്റ് ചെയ്തു. മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജുവിനെ, സ്വർണത്തിന്റെ കസ്റ്റോഡിയൻ എന്ന നിലയിൽ ജാഗ്രത പുലർത്തിയില്ല എന്നും ദ്വാരപാലക ശില്പങ്ങൾ കൊടുത്തു വിടുന്ന സമയത്തെ വിവാദ ഉത്തരവിൽ ഒപ്പിട്ടു എന്ന കുറ്റങ്ങൾ ചുമത്തി നവംബർ ആറിനും എസ്.ഐ.ടി അറസ്റ്റ് ചെയ്തു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ.വാസുവിനെ നവംബർ 11 നാണ് അറസ്റ്റ് ചെയ്തത്. 

കട്ടിളപ്പാളികളിലെ സ്വർണം ചെമ്പ് എന്നു രേഖപ്പെടുത്താൻ ശുപാർശ ചെയ്യുകയും ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൈമാറാൻ ഗൂഢാലോചന നടത്തിയെന്നുമുള്ളതാണ് വാസുവിന്റെ മേലുള്ള കുറ്റം. 

നവംബർ 20 ന് അറസ്റ്റ് ചെയ്യപ്പെട്ട മുൻ ദേവസ്വം പ്രസിസന്റ് എ. പത്മകുമാറിന്റെ പേരിലുള്ള കുറ്റം ഗുരുതരമായ ഔദ്യോഗികമായ കൃത്യവിലോപം വഴി സ്വർണക്കൊള്ളയ്ക്ക് വഴിവച്ചു എന്നുള്ളതാണ്. ഇവരെ കൂടാതെ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാർ , സ്മാർട്ട് ക്രിയേഷൻസ് സി ഇ ഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ആർ.പി. എർ. ഗോവർധൻ, ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാർ എന്നിവരും അഴിക്കുള്ളിലാണ്.

ചെറിയൊരു ഇടവേളയ്ക്കു ശേഷം ജനുവരി 9 നാണ് ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലാക്കുന്നത്. ശബരിമല താന്ത്രികാവകാശമുള്ള താഴമൺ കുടുംബാംഗമായ കണ്ഠരര് രാജീവരെ അഞ്ചു മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ അറസ്റ്റിലായവർ 11 ആയി.                                   

സ്വർണപ്പാളികൾ ഇളക്കി എടുക്കുന്നത് ആചാര ലംഘനമാണെന്ന് അറിയാമായിട്ടും തന്ത്രി അതിന് ഒത്താശ ചെയ്‌തെന്ന് പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞു. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇതിനായി മൗനാനുവാദം നൽകി. സ്വർണക്കൊള്ളയിലെ ഗൂഢാലോചനയിൽ പങ്കാളിയാവുകയും ചെയ്തു. 2019 മേയ് 18 ന് ശ്രീകോവിൽ വാതിലിന്റെ കട്ടിളപ്പാളികളും പ്രഭാമണ്ഡലപാളികളും അഴിച്ചുമാറ്റി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയപ്പോൾ ദേവന്റെ അനുജ്ഞ വാങ്ങിയില്ലെന്നും ആവശ്യമായ താന്ത്രിക നടപടികൾ പാലിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ നവംബറിൽ രാജീവരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അതിനുശേഷം ലഭിച്ച തെളിവുകളും മറ്റ് പ്രതികളുടെ മൊഴികളും വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു വീണ്ടും വിളിപ്പിച്ചതും അറസ്റ്റ് ചെയ്തതും. ദ്വാരപാലകശില്പങ്ങളിലെയും കട്ടിളപ്പാളികളിലെയും സ്വർണം കടത്താൻ ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിച്ചത് തന്ത്രിയുടെ ഇടപെടലുകളാണെന്ന് തെളിഞ്ഞതിനെ തുടർന്നായിരുന്നു അറസ്റ്റ്. 2019 ൽ സ്വർണപ്പാളികൾ പുറത്തേക്കു കൊണ്ടുപോകാൻ ദേവസ്വം ബോർഡ് അനുമതി നൽകിയതും തന്ത്രിയുടെ അനുമതിയെ തുടർന്നായിരുന്നു. കട്ടിപ്പാളികളിൽ അറ്റകുറ്റപ്പണിക്കുള്ള നിർദേശം തന്ത്രിയുടേതായിരുന്നു. 2019 ജൂൺ 18 നു കട്ടിളപ്പാളികളും പ്രഭാമണ്ഡലപാളികളും ഒന്നാം പ്രതി ഉണ്ണികൃഷണൻ പോറ്റിയും മറ്റും തിരിച്ചുകൊണ്ടുവന്നു ഘടിപ്പിച്ച സമയത്തും തന്ത്രി രാജിവരുടെ സാന്നിധ്യം ഉണ്ടായിരുന്നതായും തെളിഞ്ഞിട്ടുണ്ട്.                                                         

 സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മിലുള്ള ബന്ധത്തിന് 20 വർഷത്തിലേറെ പഴക്കമുണ്ട്. 2004 ലെ മണ്ഡലകാലം മുതൽ ഉണ്ണികൃഷ്ണൻ പോറ്റി സന്നിധാനത്ത് ഉണ്ടായിരുന്നെങ്കിലും പൂജാ സഹായിയായി മാറുന്നത് 2007 മാർച്ചിലെ ഉത്സവകാലത്താണ്. സ്വർണക്കൊള്ളയിൽ രാജീവര് 13-ാം പ്രതിയാണ്. 

തന്ത്രിക്കെതിരെ ചുമത്തിയ വകുപ്പുകളും ലഭിക്കാവുന്നശിക്ഷയും:  

1. ഇന്ത്യൻ ശിക്ഷാ നിയമം - വകുപ്പ് 403: മറ്റൊരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ജംഗമ സ്വഭാവമുള്ള സ്വത്തുക്കൾ തിരിമറിയിലൂടെ തട്ടിയെടുക്കൽ: തെളിഞ്ഞാൽ ശിക്ഷ 2 വർഷം തടവും പിഴയും.                                                                   
2. വകുപ്പ്:-406: വിശ്വാസവഞ്ചന - 3 വർഷവും പിഴയും.                                               
3. വകുപ്പ് - 409: പൊതു ഖജനാവിൽ നിന്നു വേതനം പറ്റുന്നയാൾ നടത്തുന്ന വിശ്വാസവഞ്ചന - 10 വർഷം കഠിന തടവു മുതൽ ജീവപര്യന്തം വരെ,  പിഴയും.                
4. വകുപ്പ് - 466: ഔദ്യോഗിക രേഖകളിൽ തിരിമറി നടത്തൽ -7 വർഷം തടവും പിഴയും.                                                       
5. വകുപ്പ് - 467: അവകാശ പ്രമാണങ്ങളിലും രേഖകളിലും തിരിമറി നടത്തി തട്ടിപ്പ് - 10 വർഷം കഠിന തടവു മുതൽ ജീവപര്യന്തം വരെ ,പിഴയും.                   
6.വകുപ്പ് - 120 (ബി): ക്രിമിനൽ ഗൂഢാലോചന - ഏതു കുറ്റംചെയ്യാനാണോ ഗൂഢാലോചന നടത്തിയത് അതിനു ലഭിക്കുന്ന അതേ ശിക്ഷ.                                                                      
7.വകുപ്പ് -13(1) (എ ): പൊതു സേവകന്റെ ക്രിമിനൽ സ്വഭാവമുള്ള ദുർനടപ്പ് - 4 വർഷം മുതൽ 10 വർഷം വരെ കഠിനതടവ്, പിഴയും.   
                                  
ദൈവത്തെപ്പോലും വെറുതേ വിട്ടില്ലെന്ന് സുപ്രീം കോടതിയും ശബരിമല സ്വർണകൊള്ളക്കേസിൽ പ്രതിയായതു മുതൽ ആശുപത്രിയിൽ കിടക്കുകയാണെന്ന് ഹൈക്കോടതിയും രൂക്ഷമായി വിമർശിച്ചതിനു പിന്നാലെയാണ് ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 12 ആയി. സി പി ഐ പ്രതിനിധിയായിരുന്നു. ശബരിമലയിൽ മകരജ്യോതി തെളിയുന്ന സമയത്തായിരുന്നു (ജനുവരി 14) അറസ്റ്റെന്നത് യാദൃച്ഛികം. ഇതോടെ അന്നത്തെ ദേവസ്വം ഭരണസമിതി ഒന്നാകെ അഴിക്കുള്ളിലായി. പ്രസിഡന്റായിരുന്ന പത്മകുമാറും അംഗമായിരുന്ന എൻ.വിജയകുമാറും നേരത്തെ അറസ്റ്റിലായിരുന്നു. അന്വേഷണ സംഘം എസ്.പി.ശശിധരന്റെ നേതൃത്വത്തിൽ ജനുവരി 14 നു വൈകിട്ട് ആറരയോടെ തിരുവനന്തപുരം ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിൽ എട്ടാം പ്രതിയാണ് 85 വയസ്സുള്ള ശങ്കരദാസ് . പ്രതികൾ ഓരോരുത്തരും ജാമ്യം നേടി പുറത്തുവരാൻ ശ്രമിക്കുന്ന സാഹചര്യത്തിലും കേസന്വേഷണം എങ്ങുമെത്താത്തതിനാൽ പ്രതികൾ എല്ലാം തന്നെ അഴിക്കുള്ളിൽ തന്നെ ഏറെനാൾ കഴിയേണ്ടിവരുമെന്നാണ് സൂചനകൾ.   

വാൽക്കഷ്ണം: ശാസ്താവിന്റെ പ്രതിപുരുഷനായി വിശ്വാസികൾ കരുതുന്ന ശബരിമല തന്ത്രിയെ നിരവധി കുറ്റങ്ങൾ ചുമത്തി അഴിക്കുള്ളിലാക്കിയിട്ട് ഹിന്ദുത്വവാദികൾ പോലും ശബ്ദിച്ചില്ല. അവർക്കറിയാം ദൈവമുതൽ കക്കുന്നവൻ ദൈവത്തിന്റെ പ്രതിപുരുഷനല്ലെന്ന്.                                                         
(ശബരിമല ശ്രീഅയ്യപ്പധർമ്മ പരിഷത്ത് ദേശീയ ചീഫ് കോ-ഓർഡിനേറ്ററാണ് ലേഖകൻ)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img