
അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് അയച്ച ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികൾ ഉടൻ തിരിച്ചുകൊണ്ടുവരാനാവില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്. സ്വർണപ്പാളികളുടെ ഇലക്ട്രോ പ്ലേറ്റിങ് തുടങ്ങിക്കഴിഞ്ഞെന്നും ഈ സാഹചര്യത്തിൽ അത് തിരികെ കൊണ്ടുവരാൻ ആകില്ലെന്നുമാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വ്യക്തമാക്കിയത്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അറ്റകുറ്റപ്പണിക്കായി അയച്ച സ്വർണപ്പാളികൾ ഉടൻ തിരികെയെത്തിക്കാൻ കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോടതിയുടെ അനുമതി ഇല്ലാതെയായിരുന്നു സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയത്. ശബരിമല ശ്രീകോവിലിന് ഇരുവശത്തുമുള്ള ദ്വാരപാലക ശില്പങ്ങളുടെ ഭാഗമായ സ്വർണപ്പാളികളാണ് അറ്റകുറ്റപണികൾക്കായി കൊണ്ടുപോയത്.
''നാണയത്തുട്ടുകൾ കൊണ്ട് സ്വർണപ്പാളികൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. രണ്ട് തന്ത്രിമാരും രേഖാമൂലം അത് മാറ്റണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ബോർഡ് തീരുമാനമെടുത്തു. തിരുവാഭരണ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും എക്‌സിക്യുട്ടിവ് ഓഫീസർ, വിജിലൻസ് വിങ് എന്നിവരുടെയും സാന്നിധ്യത്തിലായിരുന്നു എല്ലാ നടപടികളും. ഈ അറ്റകുറ്റപ്പണി രാസപ്രക്രിയയാണ്. അതിനാൽ, അതിന്റേതായ പ്രശ്‌നങ്ങളുണ്ട്. അത് ഇപ്പോൾ തിരിച്ചുകൊണ്ടുവരൽ അസാധ്യമായ കാര്യമാണ്. ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും''. പുനഃപരിശോധന ഹർജി നൽകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
അതേസമയം, വിഷയത്തിൽ ദേവസ്വം ബോർഡിനെതിരേ വ്യാപകമായ വ്യാജപ്രചരണമാണ് നടക്കുന്നതെന്നും പി.എസ്. പ്രശാന്ത് ആരോപിച്ചു. ''ഞങ്ങൾ എന്തോ അപരാധംചെയ്‌തെന്നാണ് പ്രചരിപ്പിക്കുന്നത്. ചന്ദ്രഗ്രഹണത്തിന്റെ മറവിൽ സ്വർണക്കടത്ത് എന്നുവരെ പ്രചാരണമുണ്ടായി. ദ്വാരപാലകരെ കൊണ്ടുപോയെന്നും ചിലർ പ്രചരിപ്പിച്ചു. 360 പവൻ എന്നാൽ ശ്രീകോവിലും വാതിലും ഉൾപ്പെടെയാണ്. ഇത് വെറും 16 ഗ്രാമിന്റെ കാര്യമാണ്. അത് ഒരു ഭക്തൻ സമർപ്പിച്ചതാണ്. ഇത് തികച്ചും ഒരു സാങ്കേതികപ്രശ്‌നമാണ്. നാണയം എറിയുമ്പോൾ അത് കൊണ്ട് പാളിക്ക് കേടുപാടുണ്ടായി. അത് സംഭവിക്കാൻ പാടില്ല. രണ്ട് തന്ത്രിമാരുടെയും കത്തുകളുണ്ട്. വീഡിയോയും ചിത്രീകരിച്ചിരുന്നു. സമർപ്പിച്ചയാളുടെ സാന്നിധ്യത്തിൽ തിരികെ സ്ഥാപിക്കുന്നതുവരെ ഇതെല്ലാം സുതാര്യമായ നടപടിയാണ്. പക്ഷേ, ഞങ്ങൾ എന്തോ അപരാധംചെയ്‌തെന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ മാത്രമേ ഞങ്ങൾ പരിശ്രമിച്ചിട്ടുള്ളൂ. ഇത് സാങ്കേതിക പ്രശ്‌നമാണ്. എന്നാൽ, കള്ളന്മാരെന്ന് പറഞ്ഞ് ഞങ്ങളെ വേട്ടയാടുകയാണ്. കോടതി ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല'', ദേവസ്വം ബോർഡ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.











