
തിരുവനന്തപുരം: ശബരിമല സ്വർണപാളി കവർച്ച കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ വ്യക്തിപരമായി അപമാനിക്കുന്ന ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കടകംപള്ളി നൽകിയ മാനനഷ്ടക്കേസിനുള്ള മറുപടിയിലാണ് താൻ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു എന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
തന്റേതായ നിലയിൽ നടത്തിയ അന്വേഷണത്തിന്റെ ബോധ്യത്തിലാണ് പ്രസ്താവന നടത്തിയതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ഉറച്ച നിലപാട്:
സ്വർണപാളി കവർച്ചയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകൾ പിൻവലിക്കില്ലെന്നും അതിൽ ഉറച്ചു നിൽക്കുന്നുവെന്നും വി.ഡി. സതീശൻ കോടതിയെ അറിയിച്ചു.
ഹൈക്കോടതി പരാമർശം:
സ്വർണപാളികൾ സ്വാർത്ഥ താത്പര്യത്തിനായി ആരെങ്കിലും കൈമാറ്റം ചെയ്തിട്ടുണ്ടാകാൻ ഇടയുള്ള വിദൂര സാധ്യത ഹൈക്കോടതി ചൂണ്ടി കാണിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം കോടതി ഈ പരാമർശം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിയുടെ ഉത്തരവാദിത്തം:
കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരുന്ന 2016 മുതൽ 2021 വരെയുള്ള കാലയളവിലാണ് തിരിമറി നടന്നത്. ഉദ്യോഗസ്ഥർക്കും ദേവസ്വം ബോർഡ് അംഗങ്ങൾക്കും ഉള്ളതുപോലുള്ള ഉത്തരവാദിത്തം മന്ത്രി എന്ന നിലയിൽ കടകംപള്ളിക്കും ഉണ്ടെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി.
അഭിഭാഷകനായ മൃദുൽ ജോൺ മാത്യൂ മുഖേനയാണ് വി.ഡി. സതീശൻ മറുപടി ഹർജി തിരുവനന്തപുരം രണ്ടാം സബ് കോടതിയിൽ ഫയൽ ചെയ്തത്.











