
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണ്ണപ്പാളികൾ സംബന്ധിച്ചുള്ള കൂടുതൽ രേഖകൾ ഹാജരാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. 2019-ന് മുമ്പ് ദ്വാരപാലക ശിൽപ്പങ്ങൾക്ക് സ്വർണ്ണാവരണം ഉണ്ടായിരുന്നതുമായി ബന്ധപ്പെട്ട രേഖകളാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നൈയിലേക്ക് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണ്ണപ്പാളികൾ ഉടൻ തിരികെ കൊണ്ടുവരാനും കോടതി അനുമതി നൽകി.
1999 മുതൽ ദ്വാരപാലക ശിൽപ്പങ്ങൾക്ക് സ്വർണ്ണാവരണം ഉണ്ടായിരുന്നതായി ദേവസ്വം വിജിലൻസ് സൂപ്രണ്ട് സമർപ്പിച്ച രേഖകൾ പരിശോധിച്ച ശേഷം കോടതി വിലയിരുത്തി. എന്നാൽ, 2019-ൽ ചെന്നൈയിലേക്ക് കൊണ്ടുപോയ പാളികളിൽ സ്വർണ്ണം ഉണ്ടായിരുന്നോ എന്നതിൽ വ്യക്തതയില്ലാത്തതിനാലാണ് കൂടുതൽ രേഖകൾ തേടിയത്.
വിജിലൻസ് എസ്.പി.യും ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് മാർക്കറ്റിംഗ് മാനേജറും കോടതിയിൽ നേരിട്ട് ഹാജരായി വിവരങ്ങൾ നൽകി. പഴയ രണ്ട് ദ്വാരപാലക ശിൽപ്പങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂം പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വിജിലൻസ് എസ്.പി. അറിയിച്ചു. സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയും സ്മാർട്ട് ക്രിയേഷൻസും മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു.
ചെന്നൈയിലേക്ക് കൊണ്ടുപോയ 12 പാളികളിൽ നാലെണ്ണത്തിലെ സ്വർണ്ണം ഉരുക്കിയെന്നും ജോലികൾ തുടരാൻ അനുവദിക്കണമെന്നും ദേവസ്വം ബോർഡ് അഭിഭാഷകൻ ആവശ്യപ്പെട്ടത് കോടതി അംഗീകരിച്ചു. സ്പോൺസറുടെ താത്പര്യമെന്തായിരുന്നുവെന്നും 2019-ലും 2025-ലും എത്ര സ്വർണ്ണം ഉപയോഗിച്ചുവെന്നും അറിയിക്കാൻ കോടതി നിർദ്ദേശിച്ചു.
സ്വർണ്ണ ക്ലാഡിംഗ് ആണെങ്കിൽ ഏകദേശം ഒന്നര കിലോ സ്വർണ്ണം ആവശ്യമായി വരുമെന്നും പൂശുകയാണെങ്കിൽ 303 ഗ്രാം മതിയാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ചെന്നൈയിലെ സ്ഥാപനത്തിൽ നാനോ പ്ലേറ്റിംഗും നടത്താമെന്നും 40 വർഷം വരെ നിലനിൽക്കാൻ ഒരു ചതുരശ്ര അടിക്ക് എട്ട് ഗ്രാം വരെ സ്വർണ്ണം വേണ്ടിവരുമെന്നും കോടതി വിലയിരുത്തി. കേസ് നാളെ വീണ്ടും പരിഗണിക്കും.