
ചെന്നൈ: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഊർജ്ജിതം. തമിഴ്നാട്ടിലേക്കും പ്രത്യേക അന്വേഷണ സംഘം ഡിണ്ടിഗലിലെത്തി മണി എന്നയാളെ ചോദ്യം ചെയ്തു. ഇയാളെ തിരുവനന്തപുരത്ത് ഹാജരാകാൻ സമൻസ് നൽകിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ, കേസിൽ പരാമർശിക്കപ്പെട്ട ഡി. മണി തന്നെയാണോ ചോദ്യം ചെയ്യലിന് വിധേയനായ വ്യക്തി എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.
താൻ ഡി. മണിയല്ലെന്നും എം.എസ്. മണിയാണെന്നും ചോദ്യം ചെയ്യലിന് വിധേയനായ വ്യക്തി മാധ്യമങ്ങളോട് വ്യക്തമാക്കി. സുഹൃത്തിന്റെ മൊബൈൽ നമ്പർ ദുരുപയോഗം ചെയ്തതാകാമെന്നാണ് സംശയമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായാണ് എസ്ഐടി ഉദ്യോഗസ്ഥർ എത്തിയത് എന്നും, കേസ് സംബന്ധിച്ച വിശദാംശങ്ങൾ അന്വേഷണ സംഘം അറിയിച്ചിട്ടില്ലെന്നും മണി മാധ്യമങ്ങളോട് പ്രതികരിച്ചു.
'ചോദിച്ച ചോദ്യങ്ങൾക്കൊക്കെ മറുപടി നൽകി. പേര് എന്താണ് എന്ന് ചോദിച്ചു. എന്ത് ബിസിനസ് ചെയ്യുന്നു എന്ന് ചോദിച്ചു. ഇൻകംടാക്സുകാരെ പോലെ എല്ലാം ചോദിച്ചു. എന്തിനു വന്നു എന്നൊന്നും അറിയില്ല. ഡി. മണിയാണോ എന്ന് ചോദിച്ചു. അല്ല, ഞാൻ എം.എസ്. മണിയാണെന്ന് പറഞ്ഞു. സുബ്രഹ്മണ്യം എന്നാണ് മുഴുവൻ പേര് എന്ന് പറഞ്ഞു. ഒരു നമ്പർ അറിയുമോ എന്ന് ചോദിച്ചു. എന്റെ സുഹൃത്തിന്റെ പേരിലുള്ള നമ്പർ ദുരുപയോഗം ചെയ്യപ്പെട്ടു. നാലഞ്ച് ഫോട്ടോ കാണിച്ച് അറിയാമോ എന്ന് ചോദിച്ചു. താൻ ഗോൾഡ് ബിസിനസ് നടത്തുന്നില്ല എന്ന് എസ്ഐടിയോട് പറഞ്ഞു’, ചോദ്യം ചെയ്യലിന് വിധേയനായ മണി പറഞ്ഞു.











