11:53pm 11 November 2026
NEWS
ശബരിമല സ്വർണക്കൊള്ളയുടെ മുഖ്യ ആസൂത്രകൻ എ പത്മകുമാറെന്ന് അന്വേഷണ സംഘം
20/11/2025  05:37 PM IST
nila
ശബരിമല സ്വർണക്കൊള്ളയുടെ മുഖ്യ ആസൂത്രകൻ എ പത്മകുമാറെന്ന് അന്വേഷണ സംഘം

ശബരിമല സ്വർണക്കൊള്ളയുടെ മുഖ്യ ആസൂത്രകൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറെന്ന് അന്വേഷണ സംഘം. എ. പത്മകുമാറിന്റെ തിരക്കഥയനുസരിച്ചാണ് സ്വർണക്കൊള്ളക്ക് വേണ്ടി ഉണ്ണികൃഷ്ണൻ പോറ്റിയും കേസിലെ മറ്റ് ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥർ അടക്കമുള്ള പ്രതികൾ പെരുമാറിയതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി അടക്കമുള്ള ഉദ്യോ​ഗസ്ഥരുടെ മൊഴികളും പത്മകുമാറിന് എതിരായിരുന്നു. ഇതോടെയാണ് ചോദ്യം ചെയ്യലിനൊടുവിൽ പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. 

 2019 മെയ് മാസത്തിലെ പത്മകുമാറിന്റെ ദൃശ്യങ്ങളാണ് കേസിലെ പ്രധാന തെളിവുകളിലൊന്ന്. ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിൽ ചാരി നിൽക്കുന്ന പത്മകുമാറിന്റെ ദൃശ്യങ്ങളാണ് അദ്ദേഹത്തിന് വിനയായത്. ഈ ദൃശ്യങ്ങളിൽ ദ്വാരപാലക കവചങ്ങൾ തങ്കം പൊതിഞ്ഞിരിക്കുന്നത് വ്യക്തമായി കാണാം. എന്നാൽ, ഇത് ചെമ്പാണോ എന്നതിനെച്ചൊല്ലി പത്മകുമാർ നേരത്തെ മാതൃഭൂമി ന്യൂസുമായി തർക്കിക്കുകയും, 'അത് ചെമ്പല്ല എന്ന് പറയാൻ നിങ്ങൾക്ക് എന്താണ് തെളിവുള്ളത്' എന്ന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. മെയ് മാസത്തിൽ തങ്കം പൊതിഞ്ഞതായി ദൃശ്യങ്ങൾ സ്ഥിരീകരിച്ചതിന് ശേഷം, ജൂലൈ മാസത്തിൽ ഇത് ചെമ്പാണെന്ന് വരുത്തിത്തീർത്താണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടത്. ഇതാണ് സ്വർണക്കൊള്ളക്ക് തുടക്കമിട്ട സംഭവം.

സ്വർണക്കൊള്ളയുടെ ഗൂഢാലോചന പത്മകുമാറിന്റെ വീട്ടിൽ വെച്ചാണ് നടന്നതെന്നാണ് എസ്‌ഐടി പറയുന്നത്. സ്വർണക്കൊള്ളയിലൂടെ വലിയ തോതിൽ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചേർന്ന് നടത്തിയ ഭൂമിയിടപാടുകളുടെ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കൊല്ലം വിജിലൻസ് കോടതിയിലാകും ഇനി കേസുമായി ബന്ധപ്പെട്ട നടപടികൾ നടക്കുക.

അതേസമയം, സിപിഎമ്മിന് വലിയ രാഷ്ട്രീയ പ്രഹരം കൂടിയാണ് പത്മകുമാറിന്റെ അറസ്റ്റ്. തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരിക്കെ ശബരിമല സ്വർണക്കൊള്ളക്കേസിൽ പത്മകുമാർ അറസ്റ്റിലായത് എതിരാളികൾ ആയുധമാക്കും. ഇതിനെ എങ്ങനെ പ്രതിരോധിക്കും എന്നതാണ് സിപിഎമ്മിന് മുന്നിലെ പ്രധാന വെല്ലുവിളി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img