
കൊച്ചി: ശബരിമല ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ വാതിലുമായി ബന്ധപ്പെട്ട കേസിൽ രാജ്യാന്തര മോഷ്ടാക്കളുടെ പ്രവർത്തന രീതിക്ക് സമാനമായ വൻ ഗൂഢാലോചന നടന്നതായി ഹൈക്കോടതിയുടെ നിരീക്ഷണം. കുപ്രസിദ്ധ വിഗ്രഹ മോഷ്ടാവായ സുഭാഷ് കപൂർ ഉൾപ്പെടെയുള്ളവർ ചെയ്യുന്ന 'ഓപ്പറേഷന്' സമാനമാണ് ശബരിമലയിലെ സ്വർണക്കൊള്ളയെന്നും കോടതി അഭിപ്രായപ്പെട്ടു.
പ്രധാന കണ്ടെത്തലുകൾ, സംശയങ്ങൾ
പകർപ്പ് വെച്ച് മോഷണം: ശബരിമലയിലെ വിലപ്പെട്ട സ്വർണം പൊതിഞ്ഞ വസ്തുക്കളുടെ ഒറിജിനൽ മാറ്റി പകരം പകർപ്പുകൾ ഹാജരാക്കിയുള്ള മോഷണമാണ് നടന്നതെന്ന സംശയം കോടതി ബലപ്പെടുത്തി. ക്ഷേത്ര കലാസൃഷ്ടികൾക്ക് രാജ്യാന്തര വിപണിയിൽ മോഹവില ലഭിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്വർണത്തിലെ കുറവ്:
1998-99ൽ വിജയ് മല്യയുടെ കമ്പനി നൽകിയ, വാതിലിൽ ഉണ്ടായിരുന്നത്: 2519.76 ഗ്രാം സ്വർണം (24 ക്യാരറ്റ്).
പകരം വെച്ച വാതിലിൽ പൂശാൻ പോറ്റി ഉപയോഗിച്ചത്: 324.40 ഗ്രാം സ്വർണം മാത്രം. (മഹസറിൽ വ്യക്തമാക്കിയത്).
ദുരൂഹ ഇടപെടലുകൾ: ശ്രീകോവിൽ വാതിൽ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതും അന്വേഷിക്കണം. ദുരൂഹ ഇടപാടുകളെല്ലാം ദേവസ്വം ബോർഡ് അധികൃതരുടെ അറിവോടെയാണ് നടന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നതായും കോടതി പറഞ്ഞു.
ക്രമക്കേട്: ചെമ്പുപാളികളാണ് കൊടുത്തുവിട്ടതെന്ന് തെറ്റിദ്ധരിപ്പിച്ചത് ബോധപൂർവമാണ്. ദ്വാരപാലക ശില്പങ്ങൾ അറ്റകുറ്റപ്പണിക്ക് കൊടുത്തത് ദേവസ്വം മിനിട്സിൽ 2025 ജൂലായ് 28ന് ശേഷം രേഖപ്പെടുത്തലുകൾ ഇല്ലാത്ത സമയത്താണെന്നും കോടതി ഗൗരവ ക്രമക്കേടായി വിലയിരുത്തി.
കോടതി ഉത്തരവ്
പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തുന്ന കാര്യം എസ്.ഐ.ടി. (പ്രത്യേക അന്വേഷണ സംഘം) പരിശോധിക്കണം.
ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചാണ് ഉത്തരവിട്ടത്.
ആരാണ് സുഭാഷ് കപൂർ?
ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരനും രാജ്യാന്തര കലാസൃഷ്‌ടി കള്ളക്കടത്തുകാരനുമാണ്.
തമിഴ്‌നാട്ടിൽ നിന്ന് മോഷ്ടിച്ച 14-ാം നൂറ്റാണ്ടിലെ പാർവതി വിഗ്രഹമടക്കം വിദേശത്ത് വിറ്റ കേസിൽ 2011-ൽ അമേരിക്കൻ കസ്റ്റംസ് ഇയാളെ പിടികൂടി. 44 കോടിയുടെ വിഗ്രഹമാണ് അന്ന് കണ്ടെടുത്തത്.
അമേരിക്ക കൈമാറിയതിനെ തുടർന്ന് നിലവിൽ തിരുച്ചിറപ്പള്ളി ജയിലിൽ കഴിയുകയാണ്.











