
തിരുവനന്തപുരം: ശബരിമലയിൽ നിന്നുള്ള വിഗ്രഹങ്ങൾ വാങ്ങിയ ഡി. മണി എന്ന ചെന്നൈ സ്വദേശിയെ കണ്ടെത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറിയിച്ചു. ഇയാളുമായി ബന്ധപ്പെട്ട ചിലരെ എസ്ഐടി ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. വിശദമായ മൊഴിയെടുക്കുന്നതിനായി അന്വേഷണ സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടു. വിദേശ വ്യവസായി അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലാണ് ഡി മണി വിഗ്രഹങ്ങൾ വാങ്ങിയെന്ന വെളിപ്പെടുത്തലുള്ളത്.
ശബരിമലയിൽ നിന്നു നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയതായും, അവ ചെന്നൈ സ്വദേശിയായ ഡി. മണി വാങ്ങിയതായുമാണ് ദുബായിലെ വ്യവസായി അന്വേഷണ സംഘത്തിന് നൽകിയ മൊഴി. കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല നൽകിയ രേഖാമൂലമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടി വ്യവസായിയുടെ മൊഴി രേഖപ്പെടുത്തിയത്.
വ്യവസായി നൽകിയ വിവരങ്ങൾ പ്രകാരം 2019–20 കാലഘട്ടത്തിലാണ് വിഗ്രഹങ്ങൾ കടത്തിയത്. ശബരിമലയുടെ ഭരണചുമതലയുള്ള ഒരു ഉന്നതന്റെ നേതൃത്വത്തിലായിരുന്നു നീക്കമെന്നും, രാജ്യാന്തര സംഘമാണ് ഇതിന് പിന്നിലെന്നും മൊഴിയിൽ പറയുന്നു. ഇടനിലക്കാരനായി ഉണ്ണിക്കൃഷ്ണൻ പോറ്റി പ്രവർത്തിച്ചതായും, 2020 ഒക്ടോബർ 26ന് തിരുവനന്തപുരത്ത് വച്ചാണ് പണമിടപാട് നടന്നതെന്നും മൊഴിയിൽ വ്യക്തമാക്കുന്നു. പണമിടപാടിൽ ഡി. മണി, ഉണ്ണിക്കൃഷ്ണൻ പോറ്റി, ബന്ധപ്പെട്ട ഉന്നതൻ എന്നിവർ മാത്രമാണ് പങ്കെടുത്തതെന്നും വ്യവസായി അവകാശപ്പെട്ടു.











