11:54pm 11 November 2026
NEWS
ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ അറസ്റ്റിൽ
20/11/2025  03:45 PM IST
nila
ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ അറസ്റ്റിൽ

 

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ അറസ്റ്റിൽ. ശബരിമല സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിന് പിന്നാലെയാണ് പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നു രാവിലെ എസ്ഐടിക്ക് മുന്നിൽ ചോദ്യംചെയ്യലിനായി ഹാജരായ പത്മകുമാറിനെ വൈകുന്നേരം മൂന്നുമണിയോടെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത രഹസ്യകേന്ദ്രത്തിൽവെച്ചായിരുന്നു പത്മകുമാറിനെ ചോദ്യംചെയ്തത്.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന അഞ്ചാമത്തെയാളാണ് പത്മകുമാർ. ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്‌സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാർ, മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എൻ. വാസു തുടങ്ങിയവരാണ് ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ അറസ്റ്റിലായത്.

ശബരിമല സ്വർണക്കൊള്ളക്കേസിൽ നേരത്തേ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിനെതിരാണെന്നാണ് വിവരം. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒത്താശചെയ്തത് പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) വിലയിരുത്തൽ. പോറ്റിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്‌ഐടിക്ക് സൂചന ലഭിച്ചിട്ടുണ്ട്.

മുരാരി ബാബു മുതൽ എൻ. വാസു വരെയുള്ള പ്രതികൾ പത്മകുമാറിനെതിരെ മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. പത്മകുമാർ പറഞ്ഞിട്ടാണ് സ്വർണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നാണ് ഇവരുടെ മൊഴികളിലുള്ളതെന്നും സൂചനയുണ്ട്. പത്മകുമാറിന്റെ സാമ്പത്തിക സ്രോതസ്സുകളടക്കം എസ്‌ഐടി വിശദമായി അന്വേഷിച്ചുവരികയാണ്.

സ്വർണക്കൊള്ള കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാനായി എ. പത്മകുമാറിന് നേരത്തേ രണ്ടുതവണ എസ്‌ഐടി നോട്ടീസ് നൽകിയിരുന്നു. എൻ. വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടീസ് നൽകിയത്. എൻ. വാസു ദേവസ്വം ബോർഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോർഡ് പ്രസിഡന്റ്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img