
പത്തനംതിട്ട: ശബരിമലയിൽ നിന്ന് സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം ബോർഡ്. 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം സുരക്ഷിതമായി ഉണ്ടെന്ന് തിരുവാഭരണം കമ്മീഷണർ ബോർഡിനെ അറിയിച്ചു. കിരീടം കാണാതായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ തിരുവാഭരണം കമ്മീഷണർ വ്യക്തത വരുത്തിയത്.
2012ൽ തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ ശബരിമലയിൽ സമർപ്പിച്ചതാണ് സ്വർണക്കിരീടം. ദേവസ്വം രജിസ്റ്ററിൽ കിരീടത്തിന്റെ കണക്ക് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആറന്മുളയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന കിരീടം യഥാർഥ സ്വർണമാണോ എന്നതിനെക്കുറിച്ച് നേരത്തെ സംശയം ഉയർന്നിരുന്നു.
അതേസമയം, സ്വർണക്കിരീടത്തിന് പുറമെ മറ്റ് ചില വിലപിടിപ്പുള്ള വസ്തുക്കളെ സംബന്ധിച്ചും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ പരിശോധന തുടരുകയാണ്. പരിശോധന പൂർത്തിയാക്കിയ ശേഷം വിശദമായ റിപ്പോർട്ട് തയ്യാറാക്കും.
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യുരിയുടെ നേതൃത്വത്തിലുള്ള കണക്കെടുപ്പും പരിശോധനയും തുടരുകയാണ്. അന്തിമ പരിശോധനാ റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നാണ് വിവരം.
ശബരിമലയിൽ ഭക്തർ സമർപ്പിക്കുന്ന സ്വർണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സന്നിധാനത്തെ സ്ട്രോങ് റൂമിൽ ദീർഘകാലം സൂക്ഷിക്കാതെ ആറന്മുളയിലെ സുരക്ഷിതമായ സ്ട്രോങ് റൂമിലേക്ക് മാറ്റണമെന്നാണ് നിലവിലെ ചട്ടം. ഈ സാഹചര്യത്തിലാണ് ആറന്മുളയിലെ സ്ട്രോങ് റൂമിലുള്ള വസ്തുക്കളുടെ കണക്കെടുപ്പും പരിശോധനയും നിർണായകമായിരിക്കുന്നത്.











