08:54am 24 September 2026
NEWS
ശബരിമലയിലെ സ്വർണക്കിരീടം കാണാനില്ല; 55.72 പവൻ സ്വർണത്തിന് പകരം സ്‌ട്രോങ് റൂമിൽ മുക്കുപണ്ടം കണ്ടെത്തി
24/09/2026  06:14 AM IST
nila
ശബരിമലയിലെ സ്വർണക്കിരീടം കാണാനില്ല; 55.72 പവൻ സ്വർണത്തിന് പകരം സ്‌ട്രോങ് റൂമിൽ മുക്കുപണ്ടം കണ്ടെത്തി

തിരുവനന്തപുരം: ശബരിമലയിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുപ്പിനിടെ ഞെട്ടിക്കുന്ന കണ്ടെത്തൽ. സന്നിധാനത്തെ സ്‌ട്രോങ് റൂമിൽ രേഖകളിലുള്ള സ്വർണക്കിരീടത്തിന് പകരം കണ്ടെത്തിയത് മുക്കുപണ്ടം. 55.72 പവൻ തൂക്കം വരുന്ന സ്വർണക്കിരീടമാണ് കാണാതായിരിക്കുന്നത്.

2012 ഓഗസ്റ്റ് 17ന് തമിഴ്‌നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തരാണ് കിരീടം ശബരിമലയിൽ സമർപ്പിച്ചത്. ചാർട്ടേഡ് അക്കൗണ്ടന്റുമാരായ ഭക്തർ നടയ്ക്കുവെച്ച കിരീടത്തിന് ദേവസ്വം ബോർഡ് രസീതും നൽകിയിരുന്നു. തുടർന്ന് ശ്രീകോവിലിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്തിയശേഷം സന്നിധാനത്തെ സ്‌ട്രോങ് റൂമിൽ സൂക്ഷിക്കുകയായിരുന്നു.

രേഖകളിൽ കിരീടത്തിന്റെ തൂക്കം 445.78 ഗ്രാം എന്നാണ്. എന്നാൽ ഇപ്പോൾ സ്‌ട്രോങ് റൂമിൽ കണ്ടെത്തിയ കിരീടത്തിന് 240 ഗ്രാം മാത്രമാണ് തൂക്കം. രൂപത്തിലും വലുപ്പത്തിലും യഥാർഥ കിരീടത്തോട് സാമ്യമുള്ള മുക്കുപണ്ടമാണ് ഇവിടെ കണ്ടെത്തിയത്. വജ്രത്തിന് സമാനമായ വെള്ളക്കല്ലുകളും ഇതിൽ പതിച്ചിട്ടുണ്ട്.

ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം കിരീടം ആറന്മുളയിലെ ദേവസ്വം ബോർഡിന്റെ സ്‌ട്രോങ് റൂമിലേക്ക് മാറ്റിയിരുന്നില്ലെന്നതാണ്. ശബരിമലയിൽ ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ താത്കാലികമായി സന്നിധാനത്തെ സ്‌ട്രോങ് റൂമിൽ സൂക്ഷിച്ച ശേഷം ആറന്മുളയിലേക്ക് മാറ്റുന്നതാണ് സാധാരണ നടപടി.

അങ്ങനെയെങ്കിൽ യഥാർഥ സ്വർണക്കിരീടം എപ്പോൾ അപ്രത്യക്ഷമായി? അതിന് പകരം മുക്കുപണ്ടം എത്തിയത് എങ്ങനെയാണ്? ഇതടക്കമുള്ള കാര്യങ്ങളാണ് ഇനി അന്വേഷണത്തിൽ വ്യക്തമാകേണ്ടത്.

സന്നിധാനത്തെ സ്‌ട്രോങ് റൂമിന് സി.സി.ടി.വി. നിരീക്ഷണമില്ലെന്നതും സംഭവത്തിൽ നിർണായകമാകുന്നു. റൂം തുറക്കുന്നതിന് കൃത്യമായ ചട്ടങ്ങളുണ്ടെങ്കിലും അവ പാലിക്കപ്പെട്ടിരുന്നോയെന്നതും പരിശോധിക്കേണ്ടിവരും.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ കൈവശമാണ് സ്‌ട്രോങ് റൂമിന്റെ താക്കോൽ. എക്സിക്യുട്ടീവ് ഓഫീസറുടെ സാന്നിധ്യത്തിലാണ് റൂം തുറക്കേണ്ടത്. തുറക്കുന്നതു മുതൽ അടയ്ക്കുന്നതുവരെയുള്ള മുഴുവൻ നടപടികളും മഹസറിൽ രേഖപ്പെടുത്തുകയും ദേവസ്വം ഗാർഡിന്റെ സാന്നിധ്യം ഉറപ്പാക്കുകയും വേണം.

ഇതിനിടെ ആറന്മുളയിലെ ദേവസ്വം ബോർഡ് സ്‌ട്രോങ് റൂമിൽനിന്ന് നാലുപവൻ സ്വർണമാലയും കാണാതായതായി കണ്ടെത്തി. തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിന് സമീപമുള്ള ഒ.ടി.സി. ഹനുമാൻ ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന രത്നങ്ങൾ പതിച്ച വെള്ളിക്കൊമ്പുകൾ കാണാതായ സംഭവവും പുറത്തുവന്നിട്ടുണ്ട്.

മൂന്ന് സംഭവങ്ങളിലും അന്വേഷണം നടത്താൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ നിർദേശം നൽകി.

ശബരിമലയിലെ സ്വർണക്ക്രമക്കേട് സംബന്ധിച്ച അന്വേഷണങ്ങളുടെ ഭാഗമായി ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പ് നടത്തിവരികയാണ്. കണക്കെടുപ്പ് അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് സ്വർണക്കിരീടത്തിന് പകരം മുക്കുപണ്ടം കണ്ടെത്തിയ വിവരം പുറത്തുവരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img