
ശബരിമലയിലെ സ്വർണപ്പാളി, താങ്ങുപീഠം എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിനിടെ, ഉണ്ണികൃഷ്ണൻ പോറ്റി ഉന്നത രാഷ്ട്രീയ നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, ഉന്നത പോലീസ് ഉദ്യോസ്ഥർ തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. തട്ടിപ്പുകൾക്ക് ഈ ചിത്രങ്ങളും ബന്ധങ്ങളും ഉപയോഗിച്ചിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
സെക്രട്ടറിയേറ്റ് വളപ്പിലുള്ള ചടങ്ങിലാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. പൊലീസ് ആസ്ഥാനത്ത് എഡിജിപിയെ ആദരിക്കുന്ന ചിത്രവും പുറത്ത് വന്നതിലുണ്ട്. ഉന്നതർക്കൊപ്പമുള്ള ഫോട്ടോഷൂട്ടിനായി ഇയാൾ പ്രത്യേക സന്ദർഭമൊരുക്കിയിരുന്നുവെന്നാണ് വിവരം.
ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെ സ്വർണം പൂശുന്നതിന്റെയും അന്നദാനത്തിന്റെയും വഴിപാടുകളുടെയും പേരിൽ വ്യാപക പണപ്പിരിവ് നടത്തിയതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ശബരിമലയിലെ സ്വർണപ്പാളി ബെംഗളൂരുവിൽ കൊണ്ടുപോയത് പണപ്പിരിവിനുവേണ്ടിയാണെന്നും വിജിലൻസിന്റെ സംശയമുണ്ട്. നടൻ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലും സ്വർണപ്പാളി എത്തിച്ച് പൂജ നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.











