
ശബരിമലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ആശംസകൾ അറിയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ്. കേരളത്തിലെ ബിജെപി നേതൃത്വം ആഗോള അയ്യപ്പ സംഗമത്തിൽ നിന്നും വിട്ടുനിൽക്കുമ്പോഴാണ് ബിജെപിയുടെ ഒരു മുഖ്യമന്ത്രി തന്നെ പരിപാടിക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്.
ആഗോള അയ്യപ്പ സംഗമത്തിലേക്ക് യോഗി ആദിത്യനാഥിനെയും മന്ത്രി വി.എന്‍.വാസവന് ക്ഷണിച്ചിരുന്നു. ഇതിന് മറുപടിയായുള്ള കത്തിലാണ് യോഗി ആദിത്യനാഥ് ആശംസകളറിയിച്ചത്. 'ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാനുള്ള ക്ഷണത്തിന് നന്ദി. പുരാതന ഇന്ത്യന്‍ ജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് ആവശ്യമാണ്. അഗോള അയ്യപ്പ സംഗമത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഈ സമ്മേളനം അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' യോഗി ആദിത്യനാഥ് കത്തിൽ കുറിച്ചു.
പമ്പാ മണപ്പുറത്ത് തന്ത്രി മഹേഷ് മോഹനരര് നിലവിളക്കിൽ തിരിതെളിയിച്ചതോടെയാണ് ആഗോള അയ്യപ്പസംഗമം ആരംഭിച്ചത്. ചടങ്ങിനായി മുഖ്യമന്ത്രി പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിയുടെ വാഹനത്തിലായിരുന്നു വേദിയിലേക്ക് എത്തിയത്. 3500 പ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ രജിസ്റ്റര്‍ചെയ്തവര്‍ക്ക് പാസ് മുഖേനയാണ് പ്രവേശനം.











