
കൊച്ചി: ശബരിമലയിൽ അരവണ നിർമ്മാണത്തിനായി മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയതിലെ ക്രമക്കേടിൽ സമഗ്രവും വസ്തുതാപരവുമായ പഴുതടച്ച അന്വേഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. വിജിലൻസ് പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്നും കോടതി വിലയിരുത്തി. വിജിലൻസ് എസ്.പി എം.ജെ. സോജൻ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസ് വി. രാജാവിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ നിർണ്ണായക നിരീക്ഷണം.
തിരുവനന്തപുരം, പത്തനംതിട്ട, പന്തളം, എരുമേലി, നിലയ്ക്കൽ, ശബരിമല എന്നിവിടങ്ങളിലെ ദേവസ്വം ബോർഡ് ഓഫീസുകളിൽ നിന്നും തിരുവനന്തപുരം, പത്തനംതിട്ട മിൽമ ഓഫീസുകളിൽ നിന്നും കേസിനാസ്പദമായ രേഖകൾ പിടിച്ചെടുത്തതായി എസ്.ഐ.ടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ, ഒട്ടേറെ സാക്ഷികളെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. രേഖകളുടെ വിശദമായ പരിശോധനയും ചോദ്യം ചെയ്യലും തുടരുകയാണെന്ന് കോടതിയിൽ നേരിട്ട് ഹാജരായ വിജിലൻസ് എസ്.പി അറിയിച്ചു.
ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ ദേവസ്വം ബെഞ്ച് നിർദ്ദേശം നൽകി. കേസ് ഈ മാസം 21-ന് വീണ്ടും പരിഗണിക്കും. മിൽമയിൽ നിന്ന് ഉയർന്ന വിലയ്ക്ക് നെയ്യ് വാങ്ങിയതിലൂടെ ദേവസ്വം ബോർഡിന് 2.28 കോടി രൂപയുടെ ഭീമമായ നഷ്ടമുണ്ടായെന്നാണ് വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.










