
തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വാങ്ങലുമായി ബന്ധപ്പെട്ട ക്രമക്കേടിൽ മുൻ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തിനും അജികുമാറിനും തിരിച്ചടിയാകുന്ന നിർണായക രേഖ വിജിലൻസ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. നിലവിലെ ടെൻഡറുകൾ റദ്ദാക്കി മിൽമയിൽ നിന്ന് നേരിട്ട് നെയ്യ് വാങ്ങാൻ നിർദേശിച്ചുകൊണ്ട് പി.എസ്. പ്രശാന്ത് സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ രേഖയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
ദേവസ്വം കമ്മിഷണറുടെ ശക്തമായ എതിർപ്പ് മറികടന്നാണ് മിൽമയിൽ നിന്ന് നെയ്യ് വാങ്ങാനുള്ള തീരുമാനമെടുത്തതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. “നിലവിലെ ടെൻഡർ ക്യാൻസൽ ചെയ്യാൻ അനുവദിക്കുന്നു, മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ ബോർഡ് തീരുമാനിച്ചു” എന്നായിരുന്നു പ്രശാന്തിന്റെ കൈപ്പടയിലെ കുറിപ്പ്.
ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ എത്ര ലിറ്റർ നെയ്യ് ആവശ്യമാണ് എന്ന് തീരുമാനിക്കാൻ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയതായും രേഖയിൽ വ്യക്തമാക്കുന്നു. മിൽമയിൽ നിന്ന് നെയ്യ് എത്തിക്കുന്നതിനായി നടത്തിയ തിരക്കിട്ട നീക്കങ്ങൾക്ക് പിന്നിൽ ക്രമക്കേടുണ്ടായിരുന്നോ എന്നതിലാണ് വിജിലൻസ് അന്വേഷണം കേന്ദ്രീകരിക്കുന്നത്.
നെയ്യിന്റെ അളവിലും വലിയ ക്രമക്കേട് നടന്നിട്ടുണ്ടാകാമെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. മിൽമയിൽ നിന്ന് ശബരിമലയിലേക്ക് അയച്ച നെയ്യിന്റെ അളവും ദേവസ്വം ലെഡ്ജറിൽ രേഖപ്പെടുത്തിയ അളവും തമ്മിൽ വലിയ വ്യത്യാസമാണ് കണ്ടെത്തിയത്. മിൽമയിൽ നിന്ന് ഏകദേശം 1,05,000 ലിറ്റർ നെയ്യ് കയറ്റി അയച്ചതായി രേഖകളിലുണ്ടെന്നാണ് വിവരം. എന്നാൽ ദേവസ്വം രേഖകളിൽ ഏകദേശം 1,02,000 ലിറ്റർ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഏകദേശം 3,465 ലിറ്റർ നെയ്യ് എവിടെപ്പോയി എന്ന ചോദ്യമാണ് ഉയരുന്നത്. നെയ്യ് കാണാതായതിന് പിന്നിൽ കടത്തലോ മറ്റേതെങ്കിലും തരത്തിലുള്ള തിരിമറി നടന്നിട്ടുണ്ടോ എന്നതും വിജിലൻസ് പരിശോധിക്കുന്നുണ്ട്. നിലവിൽ ഒരു കരാർ ജീവനക്കാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
കൂടുതൽ രേഖകളും മൊഴികളും പരിശോധിച്ച് നെയ്യ് വാങ്ങൽ നടപടികളിലും അളവിലെ വ്യത്യാസത്തിലും ആരൊക്കെ പങ്കാളികളായിരുന്നുവെന്ന് കണ്ടെത്താനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം.










