
തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്ത് മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയതിൽ ക്രമക്കേട് നടന്നെന്ന കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രതിചേർക്കാൻ തീരുമാനം. കേസിൽ ബന്ധപ്പെട്ട ദേവസ്വം ഉദ്യോഗസ്ഥരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. ഈ ഇടപാടിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ.
കേസിന്റെ അന്വേഷണം എറണാകുളം വിജിലൻസ് സ്പെഷൽ സെൽ എസ്.പി എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. അന്വേഷണം അതീവ ജാഗ്രതയോടെയും വേഗത്തിലും പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത കോടതി, പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ വിജിലൻസ് ഡയറക്ടറോട് നേരത്തെ നിർദേശം നൽകിയിരുന്നു.
സന്നിധാനത്തെ ആടിയശിഷ്ടം നെയ്യ് ക്രമക്കേട് കേസും എസ്.പി എം.ജെ. സോജൻ അന്വേഷിക്കുന്നതിനാൽ, മിൽമ നെയ്യ് വാങ്ങൽ കേസും അദ്ദേഹത്തെ ഏൽപ്പിക്കാമെന്ന് ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ വി. വിജയരാഘവനും കെ.വി. ജയകുമാറും ഉൾപ്പെട്ട ബെഞ്ചാണ് നിർദേശം നൽകിയത്.
സർക്കാർ സമർപ്പിച്ച മൂന്ന് എസ്.പിമാരുടെ പാനലിൽ നിന്നാണ് എം.ജെ. സോജനെ അന്വേഷണ ചുമതലയിലേക്ക് തെരഞ്ഞെടുത്തത്. കേസ് ഓഗസ്റ്റ് 17ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.
ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട് പ്രകാരം, കുറഞ്ഞ നിരക്കിൽ നെയ്യ് വിതരണം ചെയ്യാമെന്ന തമിഴ്നാട്ടിലെ ഒരു സ്ഥാപനത്തിന്റെ ഓഫർ തള്ളിയാണ് മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയത്. ഇതുമൂലം ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ അധിക ചെലവ് വന്നതായി കണ്ടെത്തിയിട്ടുണ്ട്.
അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയത്. ദേവസ്വം കമ്മിഷണർ എതിർപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും, മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും ബോർഡ് അംഗം അജികുമാറും മിൽമയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ച് മറ്റ് ടെൻഡറുകൾ റദ്ദാക്കിയെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ള കണ്ടെത്തൽ.











