10:22am 10 August 2026
NEWS
ശബരിമല നെയ്യ് ഇടപാട്: വിജിലൻസ് അന്വേഷണം മുൻ ദേവസ്വം ഉദ്യോഗസ്ഥനിലേക്ക്; ഇടനിലക്കാരനായത് മിൽമയിലെ പ്രമുഖൻ
10/08/2026  09:16 AM IST
പ്രത്യേക ലേഖകൻ
ശബരിമല നെയ്യ് ഇടപാട്: വിജിലൻസ് അന്വേഷണം മുൻ ദേവസ്വം ഉദ്യോഗസ്ഥനിലേക്ക്; ഇടനിലക്കാരനായത് മിൽമയിലെ പ്രമുഖൻ

തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വാങ്ങലുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ക്ഷീര സഹകാരിയും മുൻ ദേവസ്വം ബോർഡ് ജീവനക്കാരനുമായ വ്യക്തി ഇടനിലക്കാരനായി പ്രവർത്തിച്ചതായി വിജിലൻസ് കണ്ടെത്തൽ. ഇയാളുടെ മധ്യസ്ഥതയിലാണ് ദേവസ്വം ബോർഡിലെ ഉന്നതരും മിൽമയിലെ ചില ഉദ്യോഗസ്ഥരും തമ്മിൽ ഗൂഢാലോചന നടത്തിയത്.
​ദേവസ്വം ബോർഡിൽ ഉയർന്ന പദവികൾ വഹിച്ചിട്ടില്ലെങ്കിലും ഉന്നതരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് സംശയനിഴലിലുള്ളത്. ക്ഷേത്ര ജീവനക്കാരനായി സർവീസിൽ പ്രവേശിച്ച് ഓഫീസറായി വിരമിച്ച ശേഷം ഇയാൾ തിരുവനന്തപുരം മേഖലാ യൂണിയനിൽ പ്രധാന ചുമതലയിലെത്തുകയായിരുന്നു. ശബരിമല നെയ്യ് വിതരണത്തിനായി ടെൻഡറിൽ പങ്കെടുത്തവരെ ഒഴിവാക്കി, ലേലത്തിൽ പങ്കെടുകാതിരുന്ന മിൽമയ്ക്ക് കരാർ നൽകാൻ വഴിയൊരുക്കിയത് ഇയാളാണെന്ന് വ്യക്തമായിട്ടുണ്ട്. മിൽമ എം.ഡി പോലുമറിയാതെയാണ് ബോർഡിലെ ഉന്നതരുമായി ചേർന്ന് ഇയാൾ കരാർ ഉറപ്പിച്ചത്.
​ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ 'കുങ്കുമരാജ് ഡയറി'യെ തള്ളി മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ തീരുമാനിച്ചത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് വിജിലൻസിന്റെ വിലയിരുത്തൽ. ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ ഉടൻ പരിശോധിക്കും. കൂടാതെ, ബോർഡിലെ മറ്റ് ജീവനക്കാർക്കും ശബരിമലയിൽ ജോലിയിലുള്ള ഉദ്യോഗസ്ഥർക്കും അഴിമതിയിൽ പങ്കുണ്ടോയെന്നും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.
​ദേവസ്വം വിജിലൻസ് എസ്.പിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് ഏറ്റെടുത്തത്. സ്വർണപ്പാളി കേസിൽ നിലവിൽ റിമാൻഡിലുള്ള മുൻ ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, മുൻ അംഗം അജികുമാർ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ തുടർനടപടികളിലേക്ക് കടക്കും. അതേസമയം, അക്കാലത്തെ ഭരണസമിതിയിൽ അംഗമായിരുന്ന നിലവിലെ ബോർഡ് അംഗം പി.ഡി. സന്തോഷ് കുമാർ മിൽമയുമായുള്ള ചർച്ചകളിൽ പങ്കാളിയായിട്ടില്ലെന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img