
പത്തനംതിട്ട: ശബരിമല ദ്വാരപാലക ശിൽപങ്ങളുമായി ബന്ധപ്പെട്ട സ്വർണംപൂശൽ വിവാദത്തിൽ, ചെമ്പ് പാളികൾ തിരികെ സന്നിധാനത്ത് സ്ഥാപിച്ചപ്പോൾ തയ്യാറാക്കിയ മഹസറിൽ ദുരൂഹത. സ്വർണവും ചെമ്പും അടക്കമുള്ള വിലപിടിപ്പുള്ള സമ്പത്തിന്റെ ഔദ്യോഗിക സംരക്ഷകനായ തിരുവാഭരണം കമ്മിഷണറോ, ഗുണമേന്മയും അളവും സാക്ഷ്യപ്പെടുത്തേണ്ട ദേവസ്വം സ്മിത്തോ, നടപടിക്രമങ്ങൾ നിരീക്ഷിക്കേണ്ട വിജിലൻസ് ഉദ്യോഗസ്ഥനോ മഹസറിൽ ഒപ്പുവച്ചിട്ടില്ല.
2019 സെപ്തംബർ 11-ന് ദ്വാരപാലക ശിൽപങ്ങളിൽ പാളികൾ തിരികെ ഉറപ്പിച്ചപ്പോൾ തയ്യാറാക്കിയ മഹസറിലാണ് ഈ ഗുരുതരമായ വീഴ്ച. എക്സിക്യൂട്ടീവ് ഓഫീസർ വി.എസ്. രാജേന്ദ്രപ്രസാദ് തയ്യാറാക്കിയ ഈ മഹസറിൽ അദ്ദേഹമുൾപ്പെടെ തന്ത്രി, മേൽശാന്തി, ഡ്യൂട്ടി ഗാർഡുമാർ, വാച്ചർമാർ, ഓവർസിയർ, ഹെഡ് അക്കൗണ്ടന്റ്, സ്പോൺസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവരടക്കം 12 പേർ മാത്രമാണ് ഒപ്പുവച്ചിട്ടുള്ളത്.
പ്രധാന ആരോപണങ്ങൾ:
അളവും തൂക്കവും ഇല്ല: ചെമ്പുപാളികളിൽ പൂശാൻ ഉപയോഗിച്ച സ്വർണത്തിന്റെയും ചെമ്പിന്റെയും അളവോ, തൂക്കമോ, മൂല്യമോ മഹസറിൽ രേഖപ്പെടുത്തിയിട്ടില്ല. ഇലക്ട്രോ പ്ലേറ്റിംഗിലൂടെ സ്വർണം പൂശിയ ശേഷം തിരികെ എത്തിച്ചപ്പോൾ ദേവസ്വം സ്മിത്തിനെക്കൊണ്ട് പരിശോധിപ്പിച്ച് ഇവ രേഖപ്പെടുത്തേണ്ടത് ബന്ധപ്പെട്ടവരുടെ ഉത്തരവാദിത്തമായിരുന്നു.
വൈദഗ്ധ്യമുള്ളവരുടെ അഭാവം: സ്വർണത്തിന്റെ ഗുണമേന്മ പരിശോധിക്കാൻ വൈദഗ്ധ്യമില്ലാത്തവരുടെ സാന്നിധ്യത്തിലാണ് പാളികൾ ശിൽപങ്ങളിൽ ഉറപ്പിച്ചതെന്ന് വ്യക്തമാണ്.
കാലതാമസവും മറച്ചുവെക്കലും: 2019 ജൂലായ് 20-നാണ് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ പാളികൾ ഏൽപ്പിച്ചത്. എന്നാൽ, 39 ദിവസത്തെ കാലതാമസത്തിനു ശേഷം ആഗസ്റ്റ് 29-നാണ് തിരുവാഭരണം കമ്മിഷണർ ചെന്നൈയിലെ കമ്പനിയിൽ എത്തിയത്. അവിടെ തയ്യാറാക്കിയ മഹസറിലാണ് ശിൽപപാളികളുടെ 14 ഭാഗങ്ങൾ പോറ്റിക്ക് കൈമാറുന്നതായി രേഖപ്പെടുത്തിയിട്ടുള്ളത്.
മുൻ നിലപാട് തെറ്റിദ്ധാരണാജനകം: ദ്വാര പാലക ശിൽപങ്ങളിൽ ഉണ്ടായിരുന്നത് ചെമ്പ് മാത്രമാണെന്ന അന്നത്തെ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ ആദ്യ നിലപാട്, തെറ്റിദ്ധാരണ സൃഷ്ടിക്കാനായിരുന്നെന്നും ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.
ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും അറിവോടെയാണ് നടപടികൾ നടന്നതെന്നും, 2019 ജൂലായ് ആറിന് നൽകിയ ഉത്തരവ് പ്രകാരമാണ് ഇവയെല്ലാം നടന്നതെന്നും മഹസർ പുറത്തുവന്നതോടെ വ്യക്തമായി. സ്വർണം പൂശിയ നടപടിയിലെ സുതാര്യതയാണ് നിലവിലെ മഹസർ ചോദ്യം ചെയ്യുന്നത്.











