
തിരുവനന്തപുരം: ശബരിമലയിൽ കാണാതായ ദ്വാരപാലക ശില്പ പീഠം ഒടുവിൽ കണ്ടെത്തി. സ്പോൺസറായ ബംഗളൂരു വ്യവസായി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ബന്ധുവീട്ടിൽ നിന്നാണ് ദേവസ്വം വിജിലൻസ് പീഠം കണ്ടെടുത്തത്. ഇതോടെ ദേവസ്വം ബോർഡിനെ സംശയത്തിലാക്കിയ വിവാദത്തിൽ നിർണായക വഴിത്തിരിവായി. മൂന്നു പവൻ സ്വർണവും മറ്റ് ലോഹങ്ങളും ഉപയോഗിച്ചുണ്ടാക്കിയ ഈ പീഠം ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സഹോദരി മിനി അന്തർജനത്തിന്റെ വെഞ്ഞാറമൂട് വലിയകട്ടയ്ക്കാലിലെ വീട്ടിൽ നിന്നാണ് ശനിയാഴ്ച കണ്ടെത്തിയത്. കണ്ടെടുത്ത പീഠം സ്ട്രോങ്ങ് റൂമിലേക്ക് മാറ്റി.
വിവാദങ്ങളുടെ തുടക്കം
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് ഈ വിവാദങ്ങൾ തുടങ്ങുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെ നടത്തിയ ഈ നീക്കം കോടതി ചോദ്യം ചെയ്തിരുന്നു. 42 കിലോ തൂക്കമുണ്ടായിരുന്ന പാളികൾ സ്വർണം പൂശി തിരിച്ചെത്തിച്ചപ്പോൾ നാല് കിലോ കുറഞ്ഞതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചു.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തിരികെ വന്ന ശേഷം, ഉണ്ണിക്കൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിന് അയച്ച ഇ-മെയിലിൽ, സ്ട്രോങ്ങ് റൂമിൽ രണ്ട് പീഠങ്ങൾ കൂടി ഉണ്ടെന്നും അവ കൂടി നൽകിയാൽ കൂടുതൽ കനത്തിൽ സ്വർണം പൂശാമെന്നും വാഗ്ദാനം ചെയ്തിരുന്നു. സ്ട്രോങ്ങ് റൂമിലുള്ള വസ്തുവിനെക്കുറിച്ച് സ്പോൺസർക്ക് എങ്ങനെ അറിയാം എന്ന കോടതിയുടെ ചോദ്യമാണ് സംശയങ്ങൾക്ക് ഇടയാക്കിയത്. തുടർന്ന് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം വിജിലൻസ് അന്വേഷണം ആരംഭിച്ചു.
വഴിത്തിരിവായത് ഇ-മെയിൽ, പിന്നാലെ അന്വേഷണം
കോടതിയുടെ നിർദ്ദേശപ്രകാരം ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെയും ബംഗളൂരുവിലെയും വീടുകളിൽ പരിശോധന നടത്തുകയും ചെയ്തതോടെയാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
2021 മുതൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സഹായിയായ കാരേറ്റ് സ്വദേശി വാസുദേവന്റെ വീട്ടിലാണ് ഈ പീഠം സൂക്ഷിച്ചിരുന്നത്. ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടതോടെ പീഠം സൂക്ഷിക്കാൻ പ്രയാസമാണെന്ന് വാസുദേവൻ ഉണ്ണിക്കൃഷ്ണനെ അറിയിച്ചു. അതോടെ കഴിഞ്ഞ മാസം 21-നാണ് ഇത് ഉണ്ണിക്കൃഷ്ണന്റെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയത്.
ദേവസ്വം ബോർഡ് പറയുന്നത്, അയ്യപ്പസംഗമത്തിന്റെ ശോഭ കെടുത്താൻ ആരോ മനഃപൂർവം ഉണ്ടാക്കിയ വിവാദമാണിതെന്നാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് ദേവസ്വം ബോർഡ് വിലയിരുത്തുന്നു. വിജിലൻസ് നാളെ ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.











