
പത്തനംതിട്ട: ശബരിമല ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴു വർഷം മാത്രമാണ് പഴക്കമെന്ന് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയതായി സൂചന. ഇതോടെ 2019ൽ സ്വർണം പൂശുന്നതിനിടെ പഴയ ചെമ്പുപാളികൾ മാറ്റിയിരുന്നോ എന്ന സംശയം അന്വേഷണ സംഘത്തിൽ ശക്തമായി.
ദ്വാരപാലക ശിൽപത്തിൽനിന്ന് നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവും ശിൽപത്തിൽ ഉപയോഗിച്ച ചെമ്പുപാളികളുടെ കാലപ്പഴക്കവും കൃത്യമായി കണ്ടെത്തുന്നതിനാണ് സാമ്പിളുകൾ ജംഷഡ്പുരിലെ നാഷനൽ മെറ്റലർജിക്കൽ ലബോറട്ടറിയിലേക്ക് അയച്ചത്. പരിശോധനാ ഫലം കേസിലെ നിർണായക തെളിവുകളിലൊന്നാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
1998ൽ യുബി ഗ്രൂപ്പ് ചെയർമാനായിരുന്ന വിജയ് മല്യയാണ് ശബരിമല ശ്രീകോവിലിനൊപ്പം ദ്വാരപാലക ശിൽപങ്ങളിലും സ്വർണം പൊതിഞ്ഞ് നൽകിയത്. 30.3 കിലോഗ്രാം സ്വർണവും 1900 കിലോഗ്രാം ചെമ്പുമാണ് ഇതിനായി ഉപയോഗിച്ചത്. ഏകദേശം 18 കോടി രൂപയായിരുന്നു അന്നത്തെ ചെലവ്. ചെന്നൈ മൈലാപ്പൂരിലെ ജെഎൻആർ ജ്വല്ലറി ഉടമ നാഗരാജിന്റെ നേതൃത്വത്തിൽ 53 ശിൽപികൾ സന്നിധാനത്ത് ക്യാംപ് ചെയ്താണ് ജോലികൾ പൂർത്തിയാക്കിയത്. ഒരു വർഷത്തോളം നിർമാണപ്രവർത്തനങ്ങൾ നീണ്ടു.
കാലക്രമേണ ശിൽപങ്ങളുടെ നിറം മങ്ങിയതിനെ തുടർന്നാണ് 2019ൽ വീണ്ടും സ്വർണം പൂശാൻ ദേവസ്വം ബോർഡ് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് അനുമതി നൽകിയത്. എന്നാൽ ഇപ്പോഴത്തെ പരിശോധനയിൽ ചെമ്പുപാളിക്ക് ഏഴു വർഷം മാത്രമാണ് പഴക്കമെന്ന് സ്ഥിരീകരിച്ചാൽ, 2019ലെ ജോലിക്കിടെ പഴയ ചെമ്പുപാളികളും മാറ്റിയിരുന്നോ എന്നതും അന്വേഷണവിധേയമാകും.
2019ൽ നടന്നതായി ആരോപിക്കപ്പെടുന്ന സ്വർണക്കൊള്ള മറച്ചുവയ്ക്കുന്നതിനായി 2025ൽ ദ്വാരപാലക ശിൽപങ്ങൾ വീണ്ടും സ്വർണം പൂശാൻ നൽകിയെന്ന ആരോപണത്തിലാണ് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം അജികുമാർ എന്നിവർക്കെതിരെ കേസെടുത്തത്.
ഇരുവരുടെയും അറസ്റ്റിന് പിന്നാലെ കേസന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്ന വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് ചെമ്പുപാളിയുടെ കാലപ്പഴക്കവുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനാഫലം പുറത്തുവരുന്നത്.










