
ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് മുൻപാകെ നിർണ്ണായക നിലപാടറിയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിലെ പ്രതിഷ്ഠയുടെ സവിശേഷ സ്വഭാവമാണ് പ്രവേശന നിയന്ത്രണത്തിന് ആധാരമെന്ന് ബോർഡ് കോടതിയിൽ വ്യക്തമാക്കി.
നൈഷ്ഠിക ബ്രഹ്മചര്യം ശബരിമലയിലെ പ്രതിഷ്ഠ 'നൈഷ്ഠിക ബ്രഹ്മചാരി' സങ്കൽപ്പത്തിലുള്ളതാണ്ഈ സവിശേഷ സ്വഭാവം നിലനിർത്താനാണ് 10 മുതൽ 50 വയസ്സുവരെയുള്ള സ്ത്രീകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്ത് ആയിരത്തിലധികം അയ്യപ്പക്ഷേത്രങ്ങളുണ്ട്. അവിടെയൊന്നും ഇല്ലാത്ത നിയന്ത്രണം ശബരിമലയിൽ മാത്രമുള്ളത് അവിടുത്തെ പ്രതിഷ്ഠാ സങ്കൽപ്പം വ്യത്യസ്തമായതിനാലാണ്. യുവതികൾക്ക് മറ്റ് അയ്യപ്പക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിന് തടസ്സമില്ലെന്ന് ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി വാദിച്ചു.
10 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്കും 50 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദനീയമാണ്. അതിനാൽ തന്നെ ഇത് ലിംഗവിവേചനമല്ലെന്നും, മറിച്ച് വിശ്വാസവുമായി ബന്ധപ്പെട്ട യുക്തിസഹമായ വർഗ്ഗീകരണം (Reasonable Classification) മാത്രമാണെന്നും ബോർഡ് കോടതിയെ അറിയിച്ചു.
വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് പ്രസന്ന ബി. വരാലെ ഒരു സുപ്രധാന നിരീക്ഷണം നടത്തി. മറ്റ് ക്ഷേത്രങ്ങൾ ഉള്ളപ്പോൾ എന്തിനാണ് ഈ പ്രത്യേക ക്ഷേത്രത്തിൽ തന്നെ സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന് ചോദിക്കുന്നത് നിയമപരമായ ശരിയായ വാദമാണോ എന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. എന്നാൽ, ക്ഷേത്രത്തിന്റെ ആചാരപരമായ പ്രത്യേകതകൾ വ്യക്തമാക്കാനാണ് താൻ ഈ പോയിന്റ് ഉന്നയിച്ചതെന്ന് സിംഗ്വി മറുപടി നൽകി.
2018-ൽ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെയുള്ള പുനഃപരിശോധനാ ഹർജികളാണ് ഇപ്പോൾ വിശാലമായ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്.











