
വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ സുരക്ഷ വർധിപ്പിച്ചു. അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ നടപടി. എസ് ജയശങ്കറിന്റെ വാഹനവ്യൂഹത്തിൽ ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം കൂടി ഉൾപ്പെടുത്തിയെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. സിആർപിഎഫാണ് എസ് ജയശങ്കറിന് സുരക്ഷ ഒരുക്കുന്നത്.
നിലവിൽ ജയശങ്കറിനുള്ളത് സെഡ് കാറ്റഗറി സുരക്ഷയാണ്. 2024 ഒക്ടോബറിലാണ് ജയശങ്കറിന്റെ സുരക്ഷ വൈ വിഭാഗത്തിൽനിന്ന് സെഡിലേക്ക് ഉയർത്തിയത്. രാജ്യത്തെവിടെ പോകുമ്പോഴും സായുധരായ സിആർപിഎഫ് സേനാംഗങ്ങൾ അദ്ദേഹത്തിന് ശക്തമായ സുരക്ഷ ഒരുക്കും.
രാജ്യത്ത് നിലവിൽ 210 വിഐപികൾക്കാണ് സിആർപിഎഫ് സുരക്ഷ ഒരുക്കുന്നത്. ആഭ്യന്തരമന്ത്രി അമിത്ഷാ, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ദലൈലാമ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ളവർക്ക് സിആർപിഎഫാണ് സുരക്ഷ നൽകുന്നത്. ഏപ്രിൽ 22ന് പഹൽഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തെ തുടർന്ന് വിഐപികളുടെ സുരക്ഷ ശക്തമാക്കിയിരുന്നു.











