
തിരുവനന്തപുരം: മണ്ണന്തലയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മൂന്ന് പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 16, 17 വയസ്സുള്ള വിദ്യാർഥികളെയാണ് മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തത്.
പെൺകുട്ടിയുമായി നേരത്തെ പരിചയമുണ്ടായിരുന്ന വിദ്യാർഥികൾ സ്‌കൂളിൽ പോകാതെ കുട്ടിയെയും കൂട്ടി പുറത്തുപോയെന്നും അവിടെവച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. പെൺകുട്ടിയും കസ്റ്റഡിയിലുള്ള വിദ്യാർഥികളും വ്യത്യസ്ത സ്‌കൂളുകളിലാണ് പഠിക്കുന്നത്.
സ്‌കൂളിൽ നടത്തിയ കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി സംഭവം വെളിപ്പെടുത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ വിവരം കുട്ടിയുടെ വീട്ടുകാരെയും പൊലീസിനെയും അറിയിച്ചു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.
കസ്റ്റഡിയിലെടുത്ത മൂന്ന് വിദ്യാർഥികളെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് മണ്ണന്തല പൊലീസ് അറിയിച്ചു.








