04:21pm 03 September 2026
NEWS
കുട്ടികൾക്കെതിരായ ലൈം​ഗികാതിക്രമം ഏറ്റവും കൂടുതൽ മലപ്പുറത്ത്
13/05/2025  08:09 AM IST
nila
കുട്ടികൾക്കെതിരായ ലൈം​ഗികാതിക്രമം ഏറ്റവും കൂടുതൽ മലപ്പുറത്ത്

കേരളത്തിൽ ഈ വർഷം ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്ത ജില്ല മലപ്പുറമെന്ന് റിപ്പോർട്ട്. 2025 ജനുവരി മുതൽ മാർച്ച് വരെ 117 പോക്സോ കേസുകളാണ് മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. കുട്ടികളോടുള്ള അതിക്രമം കുറവുള്ള ജില്ല ഇടുക്കിയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഈ കാലയളവിൽ 51 പോക്സോ കേസുകളാണ് ഇടുക്കിയിൽ രജിസ്റ്റർ ചെയ്തത്. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

അയൽവാസികളിൽ നിന്നും ബന്ധുക്കളിൽ നിന്നും നേരിടുന്ന അതിക്രമം, പ്രണയ ബന്ധങ്ങളിൽ അകപ്പെട്ട് സംഭവിക്കുന്ന ലൈംഗികാതിക്രമം, പ്രകൃതി വിരുദ്ധ പീഡനം എന്നിവയാണ് മലപ്പുറത്ത് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ജനസംഖ്യയുള്ളത് മലപ്പുറത്തായതിനാലാണ് കേസുകളുടെ എണ്ണവും വർധിക്കുന്നത് എന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. പോക്‌സോ കേസുകളെ സംബന്ധിച്ച് കുട്ടികളിലും രക്ഷിതാക്കളിലും അവബോധം വർധിച്ചത് കാരണം കേസ് നൽകാൻ മടിക്കുന്ന പ്രവണതയിൽ കുറവ് വന്നിട്ടുണ്ട്.

കഴിഞ്ഞ വർഷം 504 പോക്സോ കേസുകളാണ് മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. 2023, 2022, 2021 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 499, 526, 462 എന്നിങ്ങനെയായിരുന്നു. അതേസമയം, പോക്‌സോ കേസുകളിലെ വിചാരണ നീണ്ടുപോകുന്നത് കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. വിചാരണാ നടപടികൾ നീണ്ടുപോകുന്നതിനാൽ ഇരകളായ പല കുട്ടികളും വിവാഹം കഴിഞ്ഞ് പോവുന്ന സാഹചര്യത്തിൽ കേസുമായി മുന്നോട്ട് പോവാൻ താല്പര്യപ്പെടുന്നില്ല. കോടതിക്ക് പുറത്ത് വച്ച് തന്നെ നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പാക്കുന്ന കേസുകളും കുറവല്ലെന്നും റിപ്പോർട്ടുകളുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img