
കർണാടകയിലെ ഗോകർണയിൽ രാമതീർഥ കുന്നിൻ മുകളിലുള്ള അപകടകരമായ ഗുഹയിൽ രണ്ടു പെൺമക്കളുമായി റഷ്യൻ യുവതി കഴിഞ്ഞ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആത്മീയ ഏകാന്തത തേടിയാണ് താൻ താമസത്തിനായി ഈ സ്ഥലം തെരഞ്ഞെടുത്തത് എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത് ഗോവയിൽ നിന്നാണ് റഷ്യൻ വംശജയായ നീന കുട്ടിന (40) തന്റെ മക്കളായ പ്രേമ (6), അമ (4) എന്നിവരോടൊപ്പം ഗോകർണയിൽ എത്തിയത്.
നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറി ധ്യാനത്തിലും പ്രാർഥനയിലും ഏർപ്പെടാനാണ് താൻ ഗുഹയിൽ താമസിച്ചതെന്ന് നീന പറഞ്ഞു. ഗുഹ സ്ഥിതി ചെയ്യുന്ന രാമതീർഥ കുന്നിൽ കഴിഞ്ഞ ജൂലൈയിൽ വലിയ മണ്ണിടിച്ചിൽ സംഭവിച്ചിരുന്നു. വിഷപ്പാമ്പുകൾ ഉൾപ്പെടെയുള്ള അപകടകരമായ വന്യജീവികളുടെ ആവാസ കേന്ദ്രമാണ് ഇത്.
ജൂലൈ ഒമ്പതിന് വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം നിറഞ്ഞ പ്രദേശത്ത് യുവതി കുഞ്ഞുങ്ങളുമായി താമസിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപെട്ടത്. ഗോകർണ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ശ്രീധറും സംഘവും വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ രാമതീർഥ കുന്നിൻ പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം വെളിച്ചത്തുവന്നത്.
നീനയെ അപകടങ്ങളെക്കുറിച്ച് അറിയിച്ച ശേഷം, പൊലീസ് സംഘം കുടുംബത്തെ വിജയകരമായി രക്ഷപ്പെടുത്തി കുന്നിന്റെ താഴെയിറക്കി. യുവതിയുടെ അഭ്യർഥനപ്രകാരം, കുംത താലൂക്കിലെ ബങ്കികോഡ്‌ല ഗ്രാമത്തിൽ 80 വയസ്സുള്ള വനിതാ സന്യാസിയായ സ്വാമി യോഗരത്‌ന സരസ്വതി നടത്തുന്ന ആശ്രമത്തിലേക്ക് ഇവരെ മാറ്റി.











