
മോസ്‌കോ: രാജ്യത്തെ ജനസംഖ്യാശോഷണത്തിന് പരിഹാരം കാണാനായി റഷ്യയിൽ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. അതിനിടെ റഷ്യയിലെ കരേലിയ പ്രാദേശിക ഭരണകൂടം വിദ്യാർത്ഥിനികൾക്കായി ഒരു സമ്മാന പദ്ധതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. 25 വയസ്സിന് താഴെയുള്ള വിദ്യാർത്ഥിനികൾ കുഞ്ഞിന് ജന്മം നൽകിയാൽ ഒരു ലക്ഷം റൂബിൾ സമ്മാനമായി നൽകുമെന്നാണ് കരേലിയയിലെ ഭരണകൂടത്തിന്റെ പ്രഖ്യാപനം. ഏകദേശം 81,000 രൂപക്ക് തുല്യമാണ് ഒരുലക്ഷം റൂബിൾ.
2025 ജനുവരി ഒന്നുമുതൽ ഈ പദ്ധതി പ്രാബല്യത്തിലുണ്ടെന്ന് മോസ്‌കോ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 25 വയസ്സിന് താഴെ പ്രായമുള്ളവർക്കാണ് പണം ലഭിക്കുക. ഒരു പ്രാദേശിക സർവ്വകലാശാലയിലോ കോളേജിലോ മുഴുവൻ സമയ വിദ്യാർത്ഥിനിയായിരിക്കണം. കരേലിയയിലെ താമസക്കാരിയും ആയിരിക്കണം എന്നിങ്ങനെയാണ് പദ്ധതിയിലെ നിബന്ധനകൾ.
പ്രസവിക്കുന്നത് ചാപിള്ളയാണെങ്കിൽ ഈ ബോണസ് കിട്ടില്ല. പ്രസവിച്ച ഉടനെ കുട്ടി മരിച്ചാൽ ആനുകൂല്യം ലഭിക്കുമോ എന്നത് സംബന്ധിച്ച് നയത്തിൽ പരാമർശമില്ലെന്നും മോസ്‌കോ ടൈംസ് വ്യക്തമാക്കുന്നു. വൈകല്യമുള്ള കുട്ടികൾക്ക് ജന്മംനൽകുന്നവർ ഇതിന് യോഗ്യരാണോ എന്നതും നയത്തിൽ വ്യക്തതയില്ല.











