09:13pm 26 November 2026
NEWS
റഷ്യൻ സൈന്യത്തിന് കനത്ത തിരിച്ചടി; യുക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ടത് 7.2 ലക്ഷം സൈനികരെന്ന് റിപ്പോർട്ട്
26/11/2026  09:27 AM IST
nila
റഷ്യൻ സൈന്യത്തിന് കനത്ത തിരിച്ചടി; യുക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ടത് 7.2 ലക്ഷം സൈനികരെന്ന് റിപ്പോർട്ട്

നാലുവർഷത്തിലേറെയായി തുടരുന്ന യുക്രെയ്ൻ യുദ്ധം റഷ്യയ്ക്ക് വരുത്തിവച്ച മനുഷ്യനഷ്ടം പുറത്തുവരുന്നു. യുദ്ധത്തിൽ ഏഴുലക്ഷത്തിലധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് സ്വതന്ത്ര മാധ്യമങ്ങളായ മെഡൂസയും മീഡിയസോണയും നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ. മരണസംഖ്യ 7.2 ലക്ഷം വരെ ഉയരാമെന്നും റിപ്പോർട്ട് പറയുന്നു. ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളേക്കാൾ എത്രയോ വലിയ നഷ്ടമാണ് റഷ്യൻ സൈന്യം നേരിട്ടതെന്ന സൂചനയാണ് പുതിയ വിവരങ്ങൾ നൽകുന്നത്.

റഷ്യൻ ഭരണകൂടം സൈനികരുടെ മരണവിവരങ്ങൾ പുറത്തുവിടുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 2022 സെപ്റ്റംബറിലാണ് പ്രതിരോധ മന്ത്രാലയം അവസാനമായി മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക വിവരം നൽകിയത്. അന്ന് 5,937 സൈനികർ കൊല്ലപ്പെട്ടെന്നായിരുന്നു വിശദീകരണം. എന്നാൽ, റഷ്യൻ ഔദ്യോഗിക സ്ഥിതിവിവരക്കണക്ക് ഏജൻസിയായ റോസ്‌സ്റ്റാറ്റിൽ നടന്ന സൈബർ ആക്രമണത്തിലൂടെ പുറത്തുവന്ന രേഖകൾ ഈ കണക്കുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.

കണക്കുകൾ പുറത്തായത് ഹാക്കിങ്ങിലൂടെ

ബെലാറൂസിയൻ സൈബർ പാർട്ടിസാൻസും യുക്രെയ്ൻ സൈബർ യൂണിറ്റായ സൈലന്റ് ക്രോയും നടത്തിയ സൈബർ ആക്രമണത്തിലൂടെ 2021 ആദ്യം മുതൽ 2026 അവസാനം വരെയുള്ള 1.1 കോടിയിലധികം മരണരേഖകൾ ചോർന്നതായാണ് റിപ്പോർട്ട്. ഇവ പരിശോധിച്ചപ്പോൾ 2026 സെപ്റ്റംബർ അവസാനത്തോടെ ഏകദേശം 4.9 ലക്ഷം റഷ്യൻ സൈനികരുടെ മരണ സർട്ടിഫിക്കറ്റുകൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തി.

എന്നാൽ രജിസ്റ്റർ ചെയ്ത മരണങ്ങൾ മാത്രമല്ല യുദ്ധത്തിലെ യഥാർഥ ആൾനാശം. കാണാതായ സൈനികർ, മരണവിവരം ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തുന്നതിലെ കാലതാമസം, കോടതി ഉത്തരവുകളിലൂടെ മരണം സ്ഥിരീകരിച്ചവർ തുടങ്ങിയവരുടെ കണക്കുകൾ കൂടി പരിഗണിച്ചാണ് മരണസംഖ്യ ഏഴുലക്ഷം കടക്കാമെന്ന നിഗമനത്തിലെത്തിയത്. 7.2 ലക്ഷം വരെയാകാമെന്നും അന്വേഷണസംഘം വിലയിരുത്തുന്നു.

സൈനികരെ കൂട്ടത്തോടെ ആക്രമണത്തിന് അയയ്ക്കുന്ന തന്ത്രം

റഷ്യൻ സൈന്യത്തിന്റെ ഉയർന്ന മരണനിരക്കിന് പിന്നിൽ 'മീറ്റ് വേവ്' എന്നറിയപ്പെടുന്ന ആക്രമണരീതിക്ക് വലിയ പങ്കുണ്ടെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ. യുക്രെയ്ൻ സൈന്യത്തിന്റെ ശക്തമായ പ്രതിരോധ കേന്ദ്രങ്ങളിലേക്ക് ചെറിയ സംഘങ്ങളായി കാലാൾപ്പടയെ തുടർച്ചയായി അയയ്ക്കുന്ന രീതിയാണിത്.

യുക്രെയ്ൻ സൈന്യത്തിന്റെ ഒളിത്താവളങ്ങളും വെടിവെപ്പ് കേന്ദ്രങ്ങളും കണ്ടെത്താൻ ഈ ആക്രമണരീതി റഷ്യയെ സഹായിക്കുന്നുണ്ട്. എന്നാൽ, ആക്രമണത്തിന് അയയ്ക്കപ്പെടുന്ന സൈനികരിൽ വലിയൊരു വിഭാഗം കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്യുന്നു. പുതുതായി സൈന്യത്തിൽ ചേർന്നവരും തടവുകാരും വിദേശ റിക്രൂട്ടുകളും പലപ്പോഴും ഇത്തരം നീക്കങ്ങളുടെ മുൻനിരയിലുണ്ടെന്നാണ് റിപ്പോർട്ട്.

ഡോൺബാസ് മേഖല പിടിച്ചെടുക്കുന്നതിനായി റഷ്യ നടത്തിയ തുടർച്ചയായ ആക്രമണങ്ങളും സൈനിക നഷ്ടം വർധിപ്പിച്ചു. യുദ്ധത്തിന്റെ പ്രത്യാഘാതം ജനസംഖ്യാ കണക്കുകളിലും പ്രകടമാണ്. 2025ൽ റഷ്യയിലെ 65 വയസ്സിൽ താഴെയുള്ള പുരുഷന്മാരുടെ മരണകാരണങ്ങളിൽ യുദ്ധം ഒന്നാം സ്ഥാനത്തെത്തിയതായാണ് അന്വേഷണത്തിലെ മറ്റൊരു കണ്ടെത്തൽ.

മരണനിരക്കിൽ മുന്നിൽ പിന്നാക്ക പ്രദേശങ്ങൾ

യുദ്ധത്തിൽ ഏറ്റവും വലിയ വില നൽകേണ്ടിവരുന്നത് റഷ്യയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ് തുടങ്ങിയ സമ്പന്ന നഗരങ്ങളെ അപേക്ഷിച്ച് സൈബീരിയയിലും വിദൂര കിഴക്കൻ മേഖലയിലുമാണ് സൈനിക മരണനിരക്ക് ഉയർന്നത്.

സൈന്യത്തിൽ ചേരുന്നവർക്ക് ലഭിക്കുന്ന വലിയ സാമ്പത്തിക ബോണസുകളാണ് ദരിദ്ര മേഖലകളിൽനിന്നുള്ള റിക്രൂട്ട്മെന്റ് വർധിക്കാൻ കാരണം. പ്രാദേശികമായി വർഷങ്ങളോളം ജോലി ചെയ്താൽ പോലും ലഭിക്കാത്ത വരുമാനം സൈനിക സേവനത്തിലൂടെ ലഭിക്കുമെന്നതാണ് യുവാക്കളെ ആകർഷിക്കുന്നത്.

കിഴക്കൻ റഷ്യയിലെ സബൈകാൽസ്കി ക്രായിൽ 18 മുതൽ 69 വയസ്സുവരെയുള്ള ഓരോ ആയിരം പുരുഷന്മാരിലും 32 പേർ യുക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ടതായാണ് കണക്ക്. മോസ്കോയിലെയും സെന്റ് പീറ്റേഴ്സ്ബർഗിലെയും നിരക്കിനേക്കാൾ 30 മടങ്ങ് കൂടുതലാണിത്.

സൈനികരുടെ കുറവ് പരിഹരിക്കാൻ വലിയ സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച റഷ്യ, ജയിലുകളിൽ കഴിയുന്നവരെയും സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു. വിദേശ രാജ്യങ്ങളിൽനിന്നും പതിനായിരക്കണക്കിന് പേരെ സൈന്യത്തിലെത്തിക്കാൻ ശ്രമം നടന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദേശ രാജ്യങ്ങളിൽനിന്ന് 11,000ത്തിലധികം പേരെ റഷ്യൻ സൈന്യത്തിൽ ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഇന്ത്യക്കാരെയും റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത സംഭവങ്ങൾ നേരത്തേ വിവാദമായിരുന്നു.

യുദ്ധം സമ്പദ്‌വ്യവസ്ഥയ്ക്കും തിരിച്ചടിയാകുന്നു

മരണസംഖ്യയ്ക്കു പുറമേ യുദ്ധത്തിൽ പരുക്കേറ്റ് സ്ഥിരമായ അംഗവൈകല്യം സംഭവിച്ച സൈനികരുടെ എണ്ണവും റഷ്യയ്ക്ക് വലിയ ബാധ്യതയാണ്. അതേസമയം, യുദ്ധത്തിൽ പങ്കെടുക്കാനുള്ള ഭയം മൂലവും മെച്ചപ്പെട്ട തൊഴിൽസാധ്യതകൾ തേടിയും നിരവധി യുവ പ്രഫഷനലുകൾ രാജ്യം വിട്ടു. ഇതോടെ വ്യവസായ മേഖലകളിൽ തൊഴിലാളിക്ഷാമവും രൂക്ഷമായി.

സൈനികരുടെ നഷ്ടം, തൊഴിൽശേഷിയുള്ള യുവാക്കളുടെ പലായനം, പരുക്കേറ്റവരുടെ പുനരധിവാസച്ചെലവ് എന്നിവയെല്ലാം റഷ്യയുടെ ദീർഘകാല സാമ്പത്തിക നിലയെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. യുക്രെയ്നിൽ സൈനിക മുന്നേറ്റം തുടരുന്നതിനിടെ സ്വന്തം രാജ്യത്തിന്റെ മനുഷ്യവിഭവശേഷിക്കും സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ വില നൽകേണ്ടിവരുന്ന സാഹചര്യമാണ് റഷ്യ നേരിടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img