07:24pm 17 August 2026
NEWS
ക്രൈമിയയിൽ റഷ്യൻ നാവികസേനാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു; യുവതി അറസ്റ്റിൽ
16/08/2026  03:33 PM IST
nila
ക്രൈമിയയിൽ റഷ്യൻ നാവികസേനാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു; യുവതി അറസ്റ്റിൽ

മോസ്കോ: റഷ്യൻ അധീനതയിലുള്ള ക്രൈമിയയിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ റഷ്യൻ ബ്ലാക്ക് സീ ഫ്ലീറ്റിലെ ഉന്നത ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. 49കാരനായ റോബർട്ട് ഷാഗീവാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുക്രൈൻ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 32കാരി മാർഗരിറ്റ റൂട്ടിനെ റഷ്യൻ അധികൃതർ അറസ്റ്റ് ചെയ്തു.

ചവറ്റുകുട്ടയിൽ ഒളിപ്പിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് ഷാഗീവ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. പടിക്കെട്ടിലൂടെ താഴേക്ക് ഇറങ്ങുന്നതിനിടെയായിരുന്നു സ്ഫോടനം. ഗുരുതരമായി പരുക്കേറ്റ ഷാഗീവ് സംഭവസ്ഥലത്തുതന്നെ മരിച്ചതായി അധികൃതർ അറിയിച്ചു.

2014ൽ റഷ്യ ക്രൈമിയ പിടിച്ചടക്കുന്നതിന് മുൻപ് യുക്രൈൻ നാവികസേനയിലെ ഏക അന്തർവാഹിനിയായ ‘സപ്പോറീഷ്യ’യുടെ കമാൻഡറായിരുന്നു ഷാഗീവ്. പിന്നീട് റഷ്യൻ പക്ഷത്തേക്ക് മാറിയതിനെ തുടർന്ന് യുക്രൈൻ അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.

സ്ഫോടനത്തിന് പിന്നാലെ സെവാസ്റ്റോപോളിൽ നിന്നാണ് മാർഗരിറ്റ റൂട്ടിനെ റഷ്യൻ സുരക്ഷാസേന കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ശേഷം രാജ്യം വിടാൻ ഇവർ പദ്ധതിയിട്ടിരുന്നതായാണ് റഷ്യൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. സ്ഫോടനത്തിൽ തനിക്ക് പങ്കുണ്ടെന്ന് റൂട്ട് സമ്മതിച്ചതായും നടപടിയിൽ ഖേദമില്ലെന്ന് വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.

ചില എസ്‌കോർട്ട് വെബ്‌സൈറ്റുകളിൽ റൂട്ടിന്റെ വിവരങ്ങൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ ഇവർ എങ്ങനെയാണ് യുക്രൈൻ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെട്ടതെന്നതിൽ വ്യക്തതയില്ല. യുക്രൈന്റെ നിർദേശപ്രകാരമുള്ള ഓപ്പറേഷന്റെ ഭാഗമായാണ് കൊലപാതകം നടന്നതെന്നാണ് റഷ്യൻ അധികൃതരുടെ നിഗമനം.

ഭീകരപ്രവർത്തനം ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങളാണ് റൂട്ടിനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ 30 വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നാണ് റിപ്പോർട്ടുകൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img