
പെൺകുട്ടികളിൽ ഗർഭധാരണം പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ ആവിഷ്കരിച്ച് റഷ്യ. ജനസംഖ്യാശോഷണം സംഭവിക്കുന്ന രാജ്യത്തെ പ്രതിസന്ധിയിൽ നിന്നും കരകയറ്റാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർത്ഥിനികൾക്ക് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. രാജ്യത്തെ പത്ത് പ്രവിശ്യകളിൽ പുതിയ നയം നടപ്പാക്കിയിട്ടുണ്ട്.
ജനസംഖ്യാവർധനയ്ക്കായി എന്തു വഴിയും സ്വീകരിക്കാനൊരുക്കമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. അന്ന് മുതിർന്ന സ്ത്രീകൾക്ക് പ്രസവത്തിന് ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനുപിന്നാലെയാണ് സ്കൂൾ വിദ്യാർത്ഥിനികൾക്കും പ്രസവത്തിന് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
2023ലെ കണക്കനുസരിച്ച് റഷ്യയിലെ സ്ത്രീകളുടെ പ്രത്യുൽപാദന നിരക്ക് 1.41 ആണ്. നിലവിലെ ജനസംഖ്യ പിടിച്ചുനിർത്തണമെങ്കിൽ അത് 2.05 എങ്കിലും ആകണം. റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ 2.5 ലക്ഷത്തിലധികം പട്ടാളക്കാർ മരിച്ചെന്നാണ് കണക്ക്. നാടുവിട്ടുപോയവർ ആയിരക്കണക്കിനു വരും. ഇതെല്ലാം ജനസംഖ്യ വീണ്ടും കുറയാൻ ഇടയാക്കുമെന്നതിനാൽ ഗർഭഛിദ്രത്തിനും വിലക്കു വീണു.അതേസമയം, വിദ്യാർത്ഥിനികളിൽ പ്രസവം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിക്കെതിരെ രാജ്യത്ത് വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്.











