
റഷ്യയുടെ ഏറ്റവും പുതിയ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനമായ സുഖോയ് 57ഇ സോഴ്സ് കോഡ് സഹിതം ഇന്ത്യയ്ക്ക് കൈമാറാൻ റഷ്യ തയ്യാറെടുക്കുന്നു. ഉറ്റ പങ്കാളിയായ ഇന്ത്യയ്ക്ക് റഷ്യ നൽകുന്ന ഈ "ഉഗ്രൻ വാഗ്ദാനം" ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധ ശേഷിക്ക് വലിയ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷ.
സോഴ്‌സ് കോഡിന്റെ പ്രാധാന്യം
"മെയ്ക്ക് ഇൻ ഇന്ത്യ" പദ്ധതിക്ക് കീഴിൽ സുഖോയ് 57ഇ വിമാനത്തിൽ ആവശ്യമായ പരിഷ്‌കാരങ്ങൾ വരുത്താൻ സോഴ്സ് കോഡ് ലഭിക്കുന്നത് ഇന്ത്യയ്ക്ക് വലിയ നേട്ടമാകും. വിമാനത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന കമ്പ്യൂട്ടർ പ്രോഗ്രാമിംഗായ ഡിജിറ്റൽ തലച്ചോറാണ് സോഴ്‌സ് കോഡ്. ഇത് ലഭിക്കുന്നതിലൂടെ വിമാനം അപ്‌ഗ്രേഡ് ചെയ്യാനും, ആയുധങ്ങൾ സംയോജിപ്പിക്കാനും, റഡാർ, ഏവിയോണിക്‌സ് തുടങ്ങിയവ വിമാനത്തിന്റെ ഭാഗമാക്കാനും വിമാന നിർമ്മാതാവിനെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് സ്വന്തമായി സാധിക്കും. റഷ്യ ആദ്യമായാണ് മറ്റൊരു രാജ്യത്തിന് ഈ വിമാനം സോഴ്സ് കോഡ് സഹിതം നൽകാൻ സന്നദ്ധമാകുന്നത്.
സുഖോയ് 57ഇ: സവിശേഷതകൾ
യു.എസ്. വാഗ്ദാനം ചെയ്ത എഫ്-35നോട് കിടപിടിക്കുന്നതാണ് എസ്.യു 57ഇ. അത്യാധുനിക റഡാറുകളുടെ പോലും കണ്ണുവെട്ടിക്കാൻ കഴിവുള്ള ഈ വിമാനത്തിന് സൂപ്പർക്രൂസ് ശേഷിയുമുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ കരുത്തായ സുഖോയ്-30 എം.കെ.ഐ പ്ലാറ്റ്ഫോമുമായി ഇതിനെ സംയോജിപ്പിക്കാൻ സാധിക്കും. ആസ്ത്ര എം.കെ1, എം.കെ2 മിസൈലുകൾ, രുദ്രം ആന്റി-റേഡിയേഷൻ മിസൈലുകൾ, റഷ്യൻ നിർമ്മിത ആർ-77 മിസൈൽ എന്നിവയും ഇതിൽ ഘടിപ്പിക്കാൻ കഴിയും.
ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന സ്റ്റെൽത്ത് വിമാനമായ ആംക 2035-ഓടെ മാത്രമേ യാഥാർത്ഥ്യമാകൂ. അതുവരെ ചൈനയുടെ ജെ-20 സ്റ്റെൽത്ത് ഉയർത്തുന്ന ഭീഷണിക്ക് എസ്.യു-57ഇ ഒരു ശക്തമായ മറുപടിയാകും.
മിന്നിപ്പായും, 10,000 കിലോ ആയുധം വഹിച്ച്
* ഇരട്ട എൻജിൻ മൾട്ടിറോൾ വിമാനം
* 2130 കിലോമീറ്റർ വേഗത
* 10,000 കിലോ പേലോഡ് ശേഷി
* ശബ്ദത്തിന്റെ രണ്ടിരട്ടി വേഗത (സൂപ്പർസോണിക്)
* മൾട്ടി ട്രാക്കിംഗ് എസ്.എച്ച് -121 റഡാർ
* ഏത് കാലാവസ്ഥയിലും തകർപ്പൻ പ്രകടനം
റഫാലിന്റെ 'ബോഡി' ഇന്ത്യയിൽ നിർമ്മിക്കും
വ്യോമസേന ഉപയോഗിക്കുന്ന ഫ്രഞ്ച് യുദ്ധവിമാനമായ റഫാലിന്റെ ഫ്യൂസ്‌ലേജ് (ബോഡി) ഇനി ഇന്ത്യയിൽ നിർമ്മിക്കും. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും ഡസ്സോ ഏവിയേഷനും തമ്മിൽ ഇത് സംബന്ധിച്ച കരാർ ഒപ്പിട്ടു. ഫ്രഞ്ച് യുദ്ധവിമാനങ്ങളുടെ ഫ്യൂസ്‌ലേജ് വിദേശത്ത് നിർമ്മിക്കുന്നത് ഇത് ആദ്യമായാണ്. ഹൈദരാബാദിലെ പ്ലാന്റിൽ 2028-ൽ നിർമ്മാണം ആരംഭിക്കും. വിമാനത്തിന്റെ പിൻഭാഗത്തെ ലാറ്ററൽ ഷെല്ലുകൾ, മുന്നിലെയും മധ്യത്തിലെയും ഫ്യൂസ്‌ലേജ് എന്നിവയാണ് ഇവിടെ നിർമ്മിക്കുക.
മാർക്കറ്റ് പിടിക്കാൻ മത്സരം
അടുത്ത 5 വർഷത്തിനുള്ളിൽ 110 അത്യാധുനിക യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇതോടെയാണ് ഫ്രാൻസും റഷ്യയും യു.എസും വൻ വാഗ്ദാനങ്ങളുമായി ഇന്ത്യയെ തങ്ങളുടെ ഭാഗത്തേക്ക് ആകർഷിക്കാൻ മത്സരം തുടങ്ങിയത്. ഈ നീക്കങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ശേഷി ഗണ്യമായി വർദ്ധിപ്പിക്കുമെന്നും, രാജ്യത്തിന്റെ വ്യോമപ്രതിരോധത്തിൽ ഒരു പുതിയ അധ്യായം കുറിക്കുമെന്നും പ്രതീക്ഷിക്കുന്നു.











