പുതിയ ശീതയുദ്ധത്തിന് റഷ്യ; ‘ബ്യൂറെവെസ്റ്റ്നിക്’ പരീക്ഷണം വിജയകരം

മോസ്കോ: 14,000 കിലോമീറ്റർ ദൂരപരിധിയുള്ള അത്യാധുനിക ആണവ മിസൈൽ പരീക്ഷിച്ച് റഷ്യ. യുക്രെയ്ൻ യുദ്ധത്തെയും എണ്ണവിൽപനയെയും ചൊല്ലി പാശ്ചാത്യ രാഷ്ട്രങ്ങളുമായുള്ള തർക്കം തുടരുന്നതിനിടെയാണ് റഷ്യ ‘ബ്യൂറെവെസ്റ്റ്നിക്’ മിസൈൽ പരീക്ഷിച്ചത്. മിസൈൽ പരീക്ഷണം വിജയകരമായിരുന്നെന്നും റഷ്യ വ്യക്തമാക്കി.
ഒക്ടോബർ 21നാണ് മിസൈൽ പരീക്ഷണം നടന്നത്. പരീക്ഷണഫലങ്ങൾ വിലയിരുത്താൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സൈനിക ജനറൽ വലേറി ജെറോസിമോവിനൊപ്പം പങ്കെടുത്തു. സൈനിക വേഷത്തിലാണ് പുടിൻ ചടങ്ങിനെത്തിയത്. ലോകത്ത് മറ്റാർക്കും ഇല്ലാത്ത ശക്തിയുള്ള ആയുധമാണിതെന്ന് പുടിൻ പ്രഖ്യാപിച്ചു.
15 മണിക്കൂറോളം വായുവിൽ സഞ്ചരിക്കാൻ ശേഷിയുള്ള മിസൈൽ ഏതൊരു പ്രതിരോധ സംവിധാനത്തെയും മറികടക്കാൻ കഴിയുമെന്നതാണ് റഷ്യയുടെ അവകാശവാദം. പാശ്ചാത്യ സമ്മർദ്ദങ്ങൾക്കു മുന്നിൽ വഴങ്ങില്ലെന്ന ഉറച്ച സന്ദേശമാണ് മിസൈൽ പരീക്ഷണത്തിലൂടെ മോസ്കോ നൽകുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യയ്ക്കെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു. യുദ്ധത്തിന്റെ ഗതിമാറ്റാൻ കഴിയുന്ന ദീർഘദൂര ടോമാഹോക്ക് മിസൈലുകൾ യുക്രെയ്ന് നൽകുമെന്ന പ്രസ്താവനയ്ക്കുശേഷമാണ് റഷ്യയുടെ ഈ നീക്കം. വാഷിങ്ടൺ ഉൾപ്പെടെ പാശ്ചാത്യ കേന്ദ്രങ്ങൾ ആക്രമണപരിധിയിൽ വരുന്ന തരത്തിലാണ് പുതിയ മിസൈൽ സജ്ജീകരിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പാശ്ചാത്യ സമ്മർദ്ദങ്ങൾ നേരിടുമ്പോഴും ശക്തി പ്രദർശനത്തിലൂടെ ‘പുതിയ ശീതയുദ്ധത്തിന്റെ’ അന്തരീക്ഷം കൂടുതൽ കടുപ്പിക്കുന്നതായാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.











